കരിയർ കൗൺസിലിംഗ് മികച്ച ഭാവിക്ക്

ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് ഒരു വ്യക്തിയുടെ ജീവിത വിജയത്തിന് കരിയറിന് നിർണ്ണായക സ്ഥാനമുണ്ട്. എണ്ണമറ്റ പ്രൊഫഷണൽ ഓപ്ഷനുകൾ ഉള്ളതിൽ മികച്ച കരിയർ പാത തെരഞ്ഞെടുക്കുന്നതിൽ വിദ്യാർത്ഥി കൾക്ക് പലപ്പോഴും പ്രയാസങ്ങൾ നേരിടുന്നു. അത്തരം സന്ദർഭങ്ങളിൽ കരിയർ കൗൺസിലിംഗ് വ്യക്തികളുടെ കഴിവുകൾ, താൽപര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി മികച്ച കരിയർ ഓപ്ഷൻ തെരഞ്ഞെടുക്കാൻ സഹായിക്കുന്നു.

കരിയർ കൗൺസിലിംഗ് എന്നത് സ്വയം അറിയുന്നതിനും മനസ്സിലാക്കുന്നതിനും അക്കാദമിക മികവും പ്രൊഫഷണലുമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള ഒരു രീതി ശാസ്ത്രമാണ്. പഠനം പൂർത്തിയാക്കിയശേഷം ഏത് മേഖല തെരഞ്ഞെടുക്കണം എന്ന ആശയ കുഴപ്പത്തിൽ കഴിയുന്ന വിദ്യാർത്ഥികൾക്കും അതുപോലെ ഏത് പഠന മേഖല തെരഞ്ഞെടു ക്കണം എന്ന് നിശ്ചയമില്ലാത്ത വിദ്യാർഥികൾക്കും ഇത് വളരെ ഉപകാരപ്രദമാണ്. കരിയർ കൗൺസിലർമാർ വ്യക്തികളുടെ ശക്തി ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് അവരെ ശരിയായ ദിശയിൽ നയിക്കുന്നു.

കരിയർ കൗൺസിലിംഗിന്റെ പ്രാധാന്യം.

  • സ്വയം അറിവ് വർദ്ധിപ്പിക്കുന്നു

വ്യക്തികളുടെ കഴിവുകൾ, താൽപര്യങ്ങൾ, മൂല്യങ്ങൾ എന്നിവ തിരിച്ചറിയാൻ സഹായിക്കുന്നു.

  • ശരിയായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നു.

വിവിധ കരിയർ ഓപ്ഷനുകൾ അവയുടെ സാധ്യതകൾ, വെല്ലുവിളികൾ എന്നിവ വിലയിരുത്താൻ വ്യക്തിയെ പ്രാപ്തമാക്കുന്നു.

  • ലക്ഷ്യബോധം വളർത്തുന്നു.

വ്യക്തിയുടെ കരിയർ ലക്ഷ്യങ്ങൾ നിർവ്വചിക്കാനും അവ നേടാനുള്ള പദ്ധതി തയ്യാറാക്കുവാനും സഹായിക്കുന്നു.

  • ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

സ്വന്തം കഴിവുകളിൽ വിശ്വസിക്കാനും കരിയർ പാതയിലെ തടസ്സങ്ങളെ തരണം ചെയ്യാനുമുള്ള കരുത്ത് പകരുന്നു.

  • സന്തോഷകരമായ ഒരു കരിയർ കെട്ടിപ്പടുക്കാൻ സഹായിക്കുന്നു.

വ്യക്തിയുടെ വ്യക്തിത്വത്തിനും താൽപര്യങ്ങൾക്കും അനുയോജ്യമായ ഒരു കരിയർ തെരഞ്ഞെടുക്കാൻ സഹായിക്കുന്നു.

  • കരിയർ ഗൈഡൻസ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മാത്രമല്ല കരിയർ മാറ്റം ആഗ്രഹിക്കുന്നവർക്കും പ്രസക്തമാണ്.
  • കരിയർ ഗൈഡൻസ് ഒരു നിരന്തര പ്രവർത്തനമാണ്. കാലത്തിനനുസരിച്ച് കരിയർ ലക്ഷ്യങ്ങളും സഹചര്യങ്ങളും മാറിയേക്കാം. അതിനാൽ കരിയർ ഗൈഡൻസ് നിരന്തരമായ വിലയിരുത്തലും പുനഃസംവിധാനവും ആവശ്യമുള്ള പ്രക്രിയയാണ്.

കരിയർ ഗൈഡൻസ് എങ്ങനെയൊക്കെ ലഭിക്കാം?

  • എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ – വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റുകൾ, കരിയർ ഡെവലപ്മെന്റ് സെന്ററുകൾ, മോഡൽ കരിയർ സെന്ററുകൾ തുടങ്ങിയവയെ സമീപിക്കാവുന്നതാണ്.
  • സ്കൂളുകളിലും കോളേജുകളിലും കരിയർ കൗൺസിലർമാരെയും അധ്യാപകരെയും സമീപിക്കാം. ഇതെല്ലാം തികച്ചും സൗജന്യമാണ്.
  • കരിയർ കൗൺസിലിംഗ് സെന്ററുകൾ – പ്രൊഫഷണൽ കരിയർ കൗൺസിലർമാരുടെ സേവനം നാട്ടിൽ ലഭ്യമാണ്. സത്യസന്ധരും വൈദഗ്ധ്യമുള്ളവരുമായ കൗൺസിലർ മാരെ വേണം സമീപിക്കാൻ.
  • ഓൺലൈൻ റിസോഴ്സുകൾ- വിവിധ വെബ്സൈറ്റുകളും ആപ്പുകളും കരിയർ ഗൈഡൻസ് സംബന്ധിച്ച വിവരങ്ങൾ നൽകുന്നുണ്ട്. നിശ്ചിത ഫീസീടാക്കിയാണ് കരിയർ ഗൈഡൻസ് സേവനങ്ങൾ തൊഴിലന്വേഷകർക്ക് നൽകുന്നത്.

കരിയർ കൗൺസിലിംഗും യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയും

ഈ രംഗത്ത് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. കരിയർ കൗൺസിലിംഗിൽ സൈക്കോമെട്രിക് ടെസ്റ്റിലൂടെയും വ്യക്തിഗത ചർച്ചകളിലൂടെയും ഉദ്യോഗാർത്ഥികളുടെ താൽപര്യം, മൾട്ടിപ്പിൾ ഇന്റലിജൻസ്, വ്യക്തിത്വ ഗുണങ്ങൾ തുടങ്ങിയവ തിരിച്ചറിയു ന്നു. തുടർന്ന് ലഭ്യമായ ഓപ്ഷനുകളിൽ നിന്നും ടിയാന് അനുയോജ്യമായ കരിയർ തെരഞ്ഞെടുക്കാൻ പ്രാപ്തനാക്കുന്നു.

യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ, കോഴ്സുകൾ, പ്രവേശന പരീക്ഷകൾ, സ്കോളർഷിപ്പുകൾ, തൊഴിൽ സാദ്ധ്യതകൾ തുടങ്ങിയവയെക്കുറിച്ച് വിവര ശേഖരണം നടത്തി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു.

മാറുന്ന തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് ഉദ്യോഗാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് സെമിനാറുകളും വർക്ക്ഷോപ്പുകളും ബ്യൂറോ സംഘടിപ്പിക്കുന്നു.

ശരിയായ മാർഗ്ഗനിർദ്ദേശങ്ങളിലൂടെ തൊഴിലന്വേഷകരിൽ ആത്മവിശ്വാസം വളർത്തുകയും തൊഴിൽ വിപണിയിൽ അവരെ യോഗ്യരാക്കി മാറ്റുകയുമാണ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ (0471-2304577) ചെയ്യുന്നത്.

കരിയർ കൗൺസിലിംഗ് മികച്ച ഭാവിക്ക് അനിവാര്യമായ ഘടകമാണ്. ശരിയായ മാർഗ്ഗനിർദ്ദേശം ലഭിക്കുമ്പോൾ വ്യക്തികൾക്ക് തങ്ങളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തി, സമൂഹത്തിനും രാജ്യത്തിനും മികച്ച മനുഷ്യവിഭവ ശേഷി സംഭാവന ചെയ്യാൻ കഴിയുന്നതാണ്. അതിനാൽ ഓരോ വിദ്യാർത്ഥിയും കരിയർ കൗൺസിലിംഗിന്റെ പ്രാധാന്യം മനസ്സിലാക്കി അതിന്റെ സഹായം തേടേണ്ടതാണ്.