സായുധ സേനകളിലെ തൊഴിൽ – അവസരങ്ങൾ
ധീരതയുടെയും കർമ്മശേഷിയുടെയും പ്രതീകമായിട്ടാണ് സായുധസേനകളിലെ സേവനം കണക്കാക്കപ്പെടുന്നത്. മാതൃരാജ്യത്തെ സേവിക്കാനും അതിന്റെ അഖണ്ഡത ഉയർത്തിപ്പിടിക്കാനുമുള്ള അവസരം ലഭിക്കുന്നതിന് പുറമെ സായുധസേനയിലെ കരിയർ കായികവും മാനസികവുമായ കഴിവ് പകടിപ്പിക്കുവാനുള്ള വേദിയും ഒരുക്കുന്നു എന്നത് ഇതിനെ യുവാക്കളുടെയിടയിൽ പ്രിയങ്കരമാക്കുന്നു . ആത്മവിശ്വാസവും, അർപ്പണബോധവും കൈമുതലായുള്ള യുവാക്കൾക്ക് തിരഞ്ഞെടുക്കുവാൻ അനുയോജ്യമായ ഒരു കരിയറാണ് സായുധ സേന. സായുധ സേനയിലെ സേവനത്തെ ഒരു തൊഴിൽ എന്നതിലുപരി ഒരു ആവേശമായാണ് കണക്കാക്കുന്നത്. മികച്ച സാമൂഹ്യ സുരക്ഷ– ശമ്പള പാക്കേജുകൾ, പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ, തനിക്കും കുടുംബത്തിനും മികച്ച ചികിത്സ സംവിധാനങ്ങൾ അങ്ങനെ ആരെയും ആകർഷിക്കുന്ന സേവന–വേതന വ്യവസ്ഥകളുമായി സേനയിലെ അവസരങ്ങൾ തൊഴിലന്വേഷകർക്ക് ഏറെ ആകർഷകമാകുന്നു. എസ്എസ്എൽസി മുതൽ ബിരുദം, ബിടെക് , ബിരുദാനന്തര ബിരുദം, നിയമ ബിരുദം എന്നിങ്ങനെ വിവിധ യോഗ്യതയുള്ള യുവാക്കൾക്ക് സാധ്യതകളുടെ കലവറയാണ് ഇന്ത്യൻ സേന ഒരുക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സേനാ വിഭാഗങ്ങളിലൊന്നിന്റെ ഭാഗമാകാൻ ഉദ്യോഗാർത്ഥികൾക്ക് നിരവധി പാതകൾ ലഭ്യമാണ്.
പ്ലസ്ടുവിന് പഠിക്കുന്ന കാലം മുതൽ ഒരു കമ്മീഷൻഡ് ഓഫീസർ ആകാനുള്ള അവസരങ്ങൾ തുറക്കപ്പെടുന്നു. അതിലൂടെ പടിപടിയായി ഇന്ത്യൻ സേനാ വിഭാഗങ്ങളുടെ അമരക്കാരനാകാനും, ഇന്ത്യൻ സേനാവിന്യാസത്തിന്റെ ചുക്കാൻ പിടിക്കാനും യുദ്ധഭൂമിയിലും, സമാധാനകാലത്തും, രക്ഷാപ്രവർത്തനങ്ങളിലും ചടുലമായ തീരുമാനങ്ങളിലൂടെ ശ്രദ്ധേയരാകാനും മികവ് തെളിയിക്കാനുമുള്ള മികച്ച അവസരങ്ങളാണ് സേനാ വിഭാഗങ്ങൾ ഒരുക്കുന്നത്.
ഇന്ത്യൻ ആർമിയും, നേവിയും, എയർഫോഴ്സും ചേർന്നൊരുക്കുന്ന അവസരങ്ങളുടെ മായിക ലോകത്തേക്ക് ഏതൊരു ഇന്ത്യൻ പൗരനും മികവ് തെളിയിച്ച് അഭിമാനത്തോടെ കടന്നുവരാം.
നാഷണൽ ഡിഫൻസ്/ നേവൽ അക്കാദമി
ഒരു പ്ലസ് ടു വിദ്യാർത്ഥി ആയിരിക്കെ ഇന്ത്യൻ സേനയുടെ ഉയർന്ന പദവികളിൽ എത്തിച്ചേരാൻ കഴിയുക അസാധ്യമായ കാര്യമല്ല. 16.5 മുതൽ 19.5 വയസ്സ് വരെ പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള അവിവാഹിതരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വഴി നാഷണൽ ഡിഫൻസ്/ നേവൽ അക്കാദമി പ്രവേശനമാണ് ഇതിന് അവസരം ഒരുക്കുന്നത്. ഡിസംബർ/ ജനുവരി മാസങ്ങളിലും ജൂൺ/ ജൂലൈ മാസങ്ങളിലുമായി വർഷത്തിൽ രണ്ട് തവണ പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തിലൂടെയാണ് ഇതിന് അവസരം ഒരുക്കപ്പെടുന്നത്. ആകെ സീറ്റുകളിൽ നിശ്ചിതയെണ്ണം പെൺകുട്ടികൾക്കായി മാറ്റിവെച്ചിട്ടുണ്ട്. മൂന്ന് വർഷമാണ് പഠന കാലാവധി.
നാഷണൽ ഡിഫൻസ്/ നേവൽ അക്കാദമി വഴി കരസേനയിൽ ലെഫ്റ്റനന്റായി ജോലിയിൽ പ്രവേശിച്ച് ക്യാപ്ടൻ, മേജർ, ലഫ്റ്റനൻറ് കേണൽ, കേണൽ, ബ്രിഗേഡിയർ, മേജർ ജനറൽ, ലഫ്റ്റനൻറ് ജനറൽ, ജനറൽ വരെയാകാനുള്ള അവസരമുണ്ട്. ഇതിന് തത്തുല്യമായി ഇന്ത്യൻ നേവിയിൽ സബ്‌ലഫ്റ്റനൻറ്, ലെഫ്റ്റനൻറ്, ലെഫ്റ്റനന്റ് കമാൻഡർ, ക്യാപ്റ്റൻ, കമോഡോർ, റിയർ അഡ്മിറൽ, വൈസ് അഡ്മിറൽ എന്നീ പദവികളിലും, ഇൻഡ്യൻ എയർഫോഴ്സിൽ ഫ്ലയിങ് ഓഫീസർ, ഫ്ലൈറ്റ് ലെഫ്റ്റ്നൻറ്, സ്ക്വാഡ്രൻ ലീഡർ വിംങ് കമാൻഡർ, ഗ്രൂപ്പ് ക്യാപ്റ്റൻ, എയർ കൊമോഡോർ, എയർ വൈസ് മാർഷൽ, എയർ മാർഷൽ, എയർ ചീഫ് മാർഷൽ എന്നീ പദവികളിലും എത്തിച്ചേരാവുന്നതാണ്.
ഫിസിക്സ്, കെമിസ്ട്രി, ഗണിതം സബ്ജക്ടുകൾ പഠിച്ച കുട്ടികൾക്ക് മാത്രമാണ് എയർഫോഴ്സ്/നേവി വിഭാഗത്തിലേക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയുക. അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ കോഴ്സിനായിരിക്കും നേവൽ എയർഫോഴ്സ് കേഡറ്റുകൾക്ക് സെലക്ഷൻ ലഭിക്കുക.
ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിദ്യാർത്ഥികൾക്കും ഗണിത ശാസ്ത്രം പഠിക്കാത്ത സയൻസ് വിദ്യാർത്ഥികൾക്കും ആർമി കേഡറ്റാകാൻ അനുവാദമുണ്ട്. BSc /BA പ്രോഗ്രാമിനാണ് ഇവർക്ക് പ്രവേശനം ലഭിക്കുക. അഖിലേന്ത്യാതലത്തിൽ നടക്കുന്ന എഴുത്തു പരീക്ഷയുടെയും തുടർന്ന് സർവീസ് സെലക്ഷൻ ബോർഡ് (എസ് എസ് ബി) ഇൻറർവ്യൂവിന്റെയും, മെഡിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷൻ ലഭിക്കുക. പ്രവർത്തി ദിവസങ്ങളിൽ രാവിലെ പത്തുമണിക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയിൽ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ഉദ്യോഗാർത്ഥികൾക്ക് മതിയായ നിർദ്ദേശങ്ങൾ ലഭ്യമാണ്. Ph-011-23385271/23381125/23098543 കൂടുതൽ വിവരങ്ങൾക്ക് www.upsconline.nic.in എന്ന website സന്ദർശിക്കുക.
ഒരു ആർമി ഓഫീസറാകാനും, ഫൈറ്റർ ജെറ്റ് പൈലറ്റാകാനും, നാവികനാകാനുമുള്ള അവസരം. ഹിമാലയത്തിന്റെ മഞ്ഞുനിറഞ്ഞ ഗിരിശിഖരങ്ങളിലും ആകാശത്തിൻറെ അനന്തതയിലും, സാഗര നീലിമയുടെ ആഴപ്പരപ്പുകളിലും വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നേറാനുള്ള സ്വപ്ന സാക്ഷാത്കാരത്തിനാണ് നാഷണൽ ഡിഫൻസ് അക്കാഡമിയും നേവൽ അക്കാദമിയും വഴി തുറക്കുന്നത്

ആർമി പ്ലസ് ടു ടെക്നിക്കൽ എൻട്രി സ്കീം
അഞ്ചുവർഷ പരിശീലനത്തിന് ശേഷം എൻജിനീയറിങ് ഡിഗ്രി നേടാനും പെർമനന്റ് കമ്മീഷൻ റാങ്കിൽ നിയമനം നേടാനും സാധിക്കുന്ന, പ്ലസ്ടു 60% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് പാസായ 16.5 വയസ്സിനും 19.5 ക്കും ഇടയിൽ പ്രായമുള്ള അവിവാഹിതരായ ആൺകുട്ടികളുടെ മുന്നിലുള്ള മികച്ച അവസരമാണിത്. ജോയിൻറ് എൻട്രൻസ് എക്സാമിനേഷൻ (JEE) മെയിൻ പാസായ ഉദ്യോഗാർത്ഥികൾക്ക് സൈക്കോളജിക്കൽ ടെസ്റ്റും ഗ്രൂപ്പ് ടെസ്റ്റും ഇൻറർവ്യൂവും മെഡിക്കൽ ടെസ്റ്റും അടങ്ങുന്ന സർവീസ് സെലക്ഷൻ ബോർഡ് ഇൻറർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്. നാല് വർഷത്തെ കോഴ്സിന് ശേഷം എഞ്ചിനീയറിങ് ബിരുദം ലഭിക്കുന്നതിനൊപ്പം ലെഫ്റ്റനൻറ് റാങ്കിൽ പെർമനന്റ് കമ്മീഷൻ നിയമനമാണ് ലഭിക്കുന്നത്. തുടർന്ന് ഒരു വർഷത്തെ പരിശീലനവും കൂടി പൂർത്തിയാക്കേണ്ടതുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.joinindianarmy.nic.in എന്ന website സന്ദർശിക്കുകയോ 011-26196205 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുകയോ ചെയുക.
ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ് (TGC)
അവിവാഹിതരായ എൻജിനീയറിങ് ബിരുദധാരികൾക്ക് ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ് പ്രവേശനത്തിന് അർഹതയുണ്ട്. സിവിൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ആർക്കിടെക്ചർ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, മെറ്റലർജിക്കൽ തുടങ്ങിയ ബിടെക് അഥവാ എം.എസ്.സി ബിരുദം നേടിയിട്ടുള്ള 20 നും 27 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കാണ് അവസരം. മേൽപ്പറഞ്ഞ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് അവസാന വർഷ ബിരുദ പഠനകാലയളവിൽ തന്നെ അപേക്ഷ സമർപ്പിക്കാവുന്നതും നിബന്ധനകൾക്ക് വിധേയമായി എസ് എസ് ബി ഇൻറർവ്യൂ നേരിടാവുന്നതുമാണ്. ഇന്ത്യൻ മിലിട്ടറി അക്കാദമി, ഡെറാഡൂണിലെ പരിശീലനം പൂർത്തിയാക്കിയാൽ ലെഫ്റ്റനന്റ് കേഡറിൽ നിയമനം ലഭിക്കും.
കൂടുതൽ വിവരങ്ങൾ വിവരങ്ങൾക്ക് www.joinindianarmy.nic.in എന്ന website സന്ദർശിക്കുക.

അഗ്നിവീർ
ശമ്പളത്തോടൊപ്പം നാലു വർഷത്തെ സൈനിക സേവനത്തിന് ശേഷം വലിയ തുക സമ്പാദ്യമായി നേടിക്കൊണ്ട് സ്കിൽ സർട്ടിഫിക്കറ്റും സ്വന്തമാക്കി മറ്റൊരു തൊഴിൽ മേഖലയിലേക്ക് കടന്നു ചെല്ലാനുള്ള അവസരമാണ് അഗ്നിവീർ യുവാക്കൾക്കു മുമ്പിൽ അവതരിപ്പിക്കുന്നത്. ആർമി , നേവി, എയർ ഫോഴ്സ് എന്നീ സേനാ വിഭാഗങ്ങളിൽ അവസരമുണ്ട്. കമ്പ്യൂട്ടർ അധിഷ്ഠിതമായി നടക്കുന്ന ഓൺലൈൻ പരീക്ഷയാണ് അഗ്നിവീർ പ്രവേശനത്തിനുള്ള ആദ്യഘട്ടം. അതിനുശേഷം യോഗ്യരായവരെ റിക്രൂട്ട്മെൻറ് റാലികളിൽ പങ്കെടുപ്പിക്കും. പതിനേഴര മുതൽ 21 വയസ്സുവരെ പ്രായപരിധിയിൽ പെടുന്നവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.കൂടുതൽ വിവരങ്ങൾ താഴെ
പറയുന്ന website കളിൽ ലഭ്യമാണ്.
- www.joinindianarmy.nic.in
- www.joinindiannavy.gov.in
- www.indianairforce.nic.in
കൂടാതെ താഴെ പറയുന്ന അവസരങ്ങളും സേനകളിൽ ലഭ്യമാണു്.
1 കമ്പൈൻഡ് ഡിഫൻസ് സർവീസ്
ബിരുദധാരികൾക്ക് UPSC വഴി കമ്മിഷൻഡ് ഓഫിസർ റാങ്കിൽ നിയമനത്തിനുള്ള തിരഞ്ഞെടുപ്പ്.
2 ഇന്ത്യൻ നേവൽ എൻട്രൻസ് ടെസ്റ്റ് (INET)
ബിരുദം,എൻജിനീയറിങ് ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
3 എയർഫോഴ്‌സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT)
ബിരുദം,എൻജിനീയറിങ് ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
4 മിലിറ്ററി നഴ്സിംഗ്
ബയോളജി, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ പ്ലസ് ടൂ 50% മാർക്കോടെ പാസ്സായ 25 വയസ്സിൽ താഴെ പ്രായമുള്ള NEET സ്കോർ നേടിയിട്ടുള്ള പെൺകുട്ടികൾക്ക് അപേക്ഷിക്കാം.
ചിട്ടയായ തയ്യാറെടുപ്പുകളും വ്യക്തമായ പദ്ധതിയും പരിശീലനവും ഉണ്ടെങ്കിൽ ലോകം മുഴുവൻ അസൂയയോടെയും ആരാധനയോടെയും കാണുന്ന ഇന്ത്യൻ സേനയുടെ യൂണിഫോം അണിഞ്ഞ് സുസ്ഥിരവും സാമൂഹിക അംഗീകാരം ഉള്ളതുമായ ഒരു തൊഴിൽ മേഖലയിലേക്ക് കടന്നുചെല്ലാം. വിദ്യാഭ്യാസ, ശാരീരിക നിലവാരം കൃത്യമായി പുലർത്തി വിവിധ കേഡറുകളിലേക്ക്. യുവതയുടെ സ്വപ്നസാക്ഷാത്കാരത്തിലേക്ക് ദൂരം ഏറെയില്ല എന്നറിയുക. ലക്ഷ്യബോധത്തോടെ തയ്യാറാകുക.
