നീറ്റ് (NEET)

ആതുര സേവന രംഗത്ത് മികച്ച കരിയർ സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന, നമ്മുടെ സമൂഹത്തിൽ ഏറെ ആദരിക്കപ്പെടുന്ന സേവന മേഖലയിലേക്ക് പ്രവേശിക്കാനുള്ള ആദ്യ ചുവടുവെയ്പ്പ് എന്ന നിലയിൽ ഇന്ത്യയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നതും ഏറെ പ്രാധാന്യമുള്ളതുമായ പ്രവേശന പരീക്ഷയാണ് NEET – UG). നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് എന്നതിന്റെ ചുരുക്കപ്പേരാണ് നീറ്റ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന NEET (UG) പരീക്ഷ മുഖേനയാണ് ഇന്ത്യയിലെ MBBS, BDS, BVSC, BAMS, BUMS,BSMS, BHMS ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നൽകുന്നത്. ARMED FORCES MEDICAL COLLEGE (AFMC), JIPMER പോണ്ടിച്ചേരി, RAJKUMARI AMRIT KAUR COLLEGE OF NURSING NEW DELHI എന്നിവിടങ്ങളിലെ B.Sc NURSING കോഴ്സുകളിലേക്കും NEET മുഖേനയാണ് പ്രവേശനം അനുവദിക്കുന്നത്. ബിരുദാനന്തര കോഴ്സുകൾക്കായും NEET (PG) പരീക്ഷയും NTA നടത്തുന്നു.

ചരിത്രം: വിവിധ സംസ്ഥാനങ്ങൾ നടത്തുന്ന സംസ്ഥാനതല എൻട്രൻസ് പരീക്ഷകൾ, AIIMS, JIPMER എന്നിവിടങ്ങളിലേക്കുള്ള എൻട്രൻസ്, ഓൾ ഇന്ത്യ പ്രീ മെഡിക്കൽ എൻട്രൻസ് ടെസ്റ്റ് (AIPMT) എന്നിവയ്‌ക്കെല്ലാം പകരമായി 2019 മുതൽ മെഡിക്കൽ ബിരുദ പ്രവേശനത്തിനായി ദേശീയ തലത്തിൽ നടക്കുന്ന പൊതു പ്രവേശന പരീക്ഷയാണ് നീറ്റ്.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി / ബയോടെക്നോളജി വിഷയങ്ങൾ പഠിച്ച് 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പ്ലസ് ടു പാസ്സ് (SC, ST, OBC (NCL), ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനത്തിൽ കുറയാത്ത മാർക്ക് മതി) ഇംഗ്ലീഷ് ഒരു വിഷയമായി പ്ലസ്ടു തലത്തിൽ പഠിച്ചിരിക്കണം. അഡ്‌മിഷൻ സമയത്തോ ഒന്നാം വർഷ അഡ്‌മിഷൻ നടക്കുന്ന വർഷത്തെ ഡിസംബർ 31-നുള്ളിലോ ഉദ്യോഗാർത്ഥിക്ക് 17 വയസ്സ് പൂർത്തിയായിരിക്കണം. ഇതിന് ഉയർന്ന പ്രായപരിധി ബാധകമല്ല.

പരീക്ഷാരീതി: ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സൂവോളജി വിഷയങ്ങളിൽ 50 വീതം ചോദ്യങ്ങൾ വീതമാണുള്ളത്. ഓരോ വിഷയത്തിലും സെക്ഷൻ എ (35 ചോദ്യങ്ങൾ), സെക്ഷൻ ബി (15 ചോദ്യങ്ങൾ) എന്നീ വിഭാഗങ്ങൾ ഉണ്ട്. സെക്ഷൻ ബി യിലെ 15 10 ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതിയാകും. ഒരു ചോദ്യത്തിന് 4 മാർക്ക് വീതം മുകളിൽ പരാമർശിച്ചിട്ടുള്ള വിഷയങ്ങളിലെ ആകെ 180 ചോദ്യങ്ങൾക്ക് 720 മാർക്കിനാണ് പരീക്ഷ നടത്തുന്നത്. ചോദ്യങ്ങൾ എല്ലാം മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ളതാണ്. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് (-) മാർക്കുണ്ട്. 200 മിനിറ്റ് ആണ് പരീക്ഷയുടെ സമയദൈർഘ്യം. ബാൾപെൻ ഉപയോഗിച്ച് OMR കറുപ്പിക്കുന്നതാണ് നിലവിലെ രീതി. കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് പരീക്ഷ മാറാൻ സാധ്യതയുണ്ട്.

സിലബസ്: പരീക്ഷയുടെ വിശദമായ സിലബസ് നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. (www.nmc.org.in) 11, 12 ക്ലാസ്സുകളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പാഠഭാഗങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പരീക്ഷ കേന്ദ്രങ്ങൾ: കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്. അപേക്ഷിക്കുന്ന വേളയിൽ രണ്ട് പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.

പരീക്ഷാ കലണ്ടർ: എല്ലാ വർഷവും ഏകദേശം താഴെ പറയുന്ന സമയക്രമത്തിലാണ് പരീക്ഷ നടക്കുന്നത്.

അപേക്ഷ ക്ഷണിക്കുന്നത്   : മാർച്ച് ആദ്യവാരം

അവസാന തീയതി           : ഏപ്രിൽ ആദ്യവാരം

പരീക്ഷ നടക്കുന്നത്         : മെയ് ആദ്യ ഞായാറാഴ്ച

പരീക്ഷ ഫലം                : ജൂൺ

കൗൺസിലിംഗ്              : ജൂലൈ

പ്രവേശന രീതി: നീറ്റ് പ്രവേശന പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിൽ, അഖിലേന്ത്യാ തലത്തിൽ മെഡിക്കൽ കൗൺസിലിങ് കമ്മിറ്റിയും (വെബ്സൈറ്റ് – mcc.ac.in) കേരളത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണറും (വെബ്സൈറ്റ് cee.kerala.gov.in) ആണ് കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ 15% സീറ്റുകളും AIIMS, JIPMER, AMU, BHU എന്നിവിടങ്ങളിലെ 100% സീറ്റുകളിലും MBBS/BDS അഡ്‌മിഷൻ നടത്തുന്നത് മെഡിക്കൽ കൗൺസിലിങ് കമ്മറ്റിയാണ്.

നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പ്രത്യേകം റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതാണ്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം ഓപ്ഷൻ നൽകുന്നതാണ് പ്രവേശന നടപടിയിലെ ആദ്യ ഘട്ടം. ഒരു കോഴ്സും ഒരു കോളേജും ചേരുന്നതാണ് ഓപ്ഷൻ. ഒരു വിദ്യാർത്ഥിയെ അലോട്ട്മെന്റിനായി പരിഗണിക്കപ്പെടേണ്ട ഓപ്ഷനുകൾ വെബ്സൈറ്റിൽ വിദ്യാർത്ഥി തന്നെ രജിസ്റ്റർ ചെയ്യുന്ന പ്രക്രിയയാണ് ഓപ്ഷൻ രജിസ്ട്രേഷൻ. ഓപ്ഷൻ രജിസ്ട്രേഷൻ ഏറെ സൂക്ഷ്മതയോടെ ചെയ്യേണ്ട പ്രക്രിയയാണ്. അഡ്‌മിഷൻ ലഭിക്കുമെന്നുറപ്പുള്ള ഓപ്ഷനുകൾ മാത്രം ഉൾപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്. കാരണം അലോട്ട്മെന്റ് കിട്ടിയാൽ അത് സ്വീകരിക്കേണ്ടതുണ്ട്. ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചില്ലെങ്കിലും തുടർ ഘട്ടങ്ങളിലും ഇതേ ഓപ്ഷൻ അനുസരിച്ചാണ് സീറ്റ് അലോട്ട് ചെയ്യുന്നത്. തനിക്കു ലഭിച്ച റാങ്ക് മുൻ വർഷങ്ങളിൽ ഓരോ കോളേജിലും അഡ്‌മിഷൻ നേടിയ അവസാന റാങ്കുമായി താരതമ്യം ചെയ്ത് പ്രവേശന സാധ്യത ഏകദേശം വിലയിരുത്താം.

ആദ്യ അലോട്ട്മെന്റിൽ ഒരു അലോട്ട്മെന്റ് കിട്ടിയാൽ കിട്ടിയ ഓപ്ഷനു താഴെയുള്ള ഓപ്ഷനുകൾ റദ്ദാക്കപ്പെടും. ലഭിച്ച ഓപ്ഷനേക്കാൾ ഉയർന്ന മുൻഗണനയുള്ളവ (ഹയർ ഓപ്ഷന്) അടുത്ത റൗണ്ടിൽ പരിഗണിക്കുക.

2024ൽ കേരളത്തിൽ 5000 രൂപയാണ് ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീസ് ആയി നിശ്ചയിട്ടുള്ളത്. (ദേശീയ തലത്തിൽ 1000 രൂപ). അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ ചേരുന്ന കോഴ്സിന്റെ tuition fee യിൽ ഈ തുക വകയിരുത്തും. അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് തുക മടക്കി നല്കും. അലോട്ട്മെന്റ് ലഭിച്ചിട്ടും കോഴ്സിന് ചേരാത്തവർക്ക് രജിസ്‌ട്രേഷൻ ഫീ മടക്കി നൽകുന്നതല്ല.

ഓപ്ഷൻ നൽകാനുള്ള അവസാന തീയതിക്ക്‌ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഒന്നാംഘട്ട താത്കാലിക അലോട്ട്മെന്റ് ലിസ്റ്റും ആയതിലെ പരാതികൾ പരിഗണിച്ച് ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീ കരിക്കും. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത തീയതിക്കകം ഫീസ് അടച്ച് അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം.

പൊതു വിവരങ്ങൾ: നിലവിൽ പ്രവർത്തിക്കുന്ന 20 AIIMS കൾ ആണ് രാജ്യത്തുള്ളത്. ഇവയിലാകെ 2044 MBBS സീറ്റുകൾ ഉണ്ട്. പോണ്ടിച്ചേരിയിലെ JIPMER, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, പൂനെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ്, മൗലാനാ ആസാദ് മെഡിക്കൽ കോളേജ് ന്യൂ ഡൽഹി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജ് എന്നിവ ഇന്ത്യയിലെ മുൻനിര മെഡിക്കൽ കോളേജുകളിൽപ്പെടുന്നു.

രാജ്യത്താകെയുള്ള 706 മെഡിക്കൽ കോളേജുകളിലെ 109170 സീറ്റുകളിലെ പ്രവേശനത്തിനായി ഏകദേശം 24 ലക്ഷം പേരാണ് 2024 ൽ നീറ്റ് പരീക്ഷ എഴുതിയത് എന്നുള്ളത് ഈ പ്രവേശന പരീക്ഷയ്ക്ക് നമ്മുടെ കരിയർ മേഖല നൽകുന്ന മുൻഗണനയെ സൂചിപ്പിക്കുന്നു.