രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സേനാവിഭാഗങ്ങളിൽ നിന്നുണ്ടായ കൂട്ട പിരിച്ചു വിടലിന്റെ സമ്മർദ്ദം നേരിടുന്നതിനായി നിലവിൽ വന്നതാണ് എംപ്ലോയ്‌മെന്റ് വകുപ്പ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തോട് കൂടി, വിടുതൽ ചെയ്യപ്പെടാനിടയുള്ള സൈനികരേയും തൊഴിലാളികളെയും സൈനികേതര ജീവിതത്തിലേക്ക് ക്രമേണ പുനഃപ്രവേശിപ്പിക്കുന്നതിനുള്ള ഒരു സംവിധാനത്തിന്റെ ആവശ്യകത അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി അംഗീകരിച്ച ഒരു പദ്ധതിയുടെ അടിസ്ഥാനത്തിൽ 1945 ജൂലൈയിൽ Directorate General of Resettlement and Employment (DGR&E) നിലവിൽ വരികയും തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ തുറന്ന് പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
1946 അവസാനം വരെ എംപ്ലോയ്‌മെന്റ് വകുപ്പിന്റെ സേവനങ്ങൾ പിരിച്ചുവിടപ്പെട്ട സൈനികർക്കും യുദ്ധ തൊഴിലാളികൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. 1947-ൽ വിഭജനത്തെ തുടർന്ന് എത്തിച്ചേർന്നവരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് എംപ്ലോയ്‌മെന്റ് വകുപ്പ് നിയോഗിക്കപ്പെട്ടു. പൊതുവായി ഉയർന്ന ആവശ്യത്തെ മാനിച്ച്, ക്രമേണ വകുപ്പിന്റെ സേവന പരിധി വിപുലീകരിക്കുകയും 1948-ന്റെ തുടക്കത്തോടെ എല്ലാ വിഭാഗം അപേക്ഷകർക്കുമായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ തുറന്നു നൽകുകയും ചെയ്തു. അപ്രകാരം പുനരധിവാസത്തിനായി രൂപീകൃതമായ ഒരു സ്ഥാപനം അഖിലേന്ത്യ അടിസ്ഥാനത്തിലുള്ള തൊഴിൽ നിയമന സംവിധാനമായി പരിവർത്തനം ചെയ്യപ്പെട്ടു.
