5. നവജീവൻ

കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത 50-65 പ്രായപരിധിയ്ക്കുള്ളിലുള്ള മുതിർന്ന പൗരന്മാർക്കായി നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് വകുപ്പ് മുഖാന്തിരം സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി നവജീവൻ എന്ന പേരിൽ സ്വയംതൊഴിൽ പദ്ധതി സ.(കൈ) നം.59/2020/തൊഴിൽ തീയതി 28.12.2020 സർക്കാർ ഉത്തരവ് പ്രകാരം 2020-2021 സാമ്പത്തിക വർഷത്തിൽ ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിയ്ക്ക് രണ്ട് ഘടകങ്ങൾ ഉണ്ട്.

    1. സ്വയംതൊഴിൽ വായ്പാ പദ്ധതി

കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള 50-65 പ്രായപരിധിയിലുള്ള തൊഴിൽരഹിതരായ മുതിർന്ന പൗരന്മാർക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് 50,000/- രൂപ (അൻപതിനായിരം രൂപ മാത്രം) വരെ ബാങ്ക് വായ്പയും വായ്പ തുകയുടെ 25% (12,500/- രൂപ) സർക്കാർ സബ്സിഡി അനുവദിക്കുകയും ചെയ്യുന്നതാണ് ഈ പദ്ധതി.

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ നിലവിലുള്ളതും 50-65 പ്രായപരിധിയിലുള്ളതും വ്യക്തിഗത വാർഷിക വരുമാനം, ഒരു ലക്ഷം രൂപയിൽ കവിയാത്ത എഴുത്തും വായനയും അറിയാവുന്ന ഏതൊരു വ്യക്തിയ്ക്കും ഈ പദ്ധതി പ്രകാരം വായ്പയ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. സംസ്ഥാനത്തെ ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുകൾ, കെ.എസ്.എഫ്., കേരള ബാങ്ക് മറ്റ് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ എന്നിവ മുഖേന വായ്പ അനുവദിക്കുന്നതാണ്.

2. മുതിർന്ന പൗരന്മാരുടെ വിജ്ഞാനവും പ്രവൃത്തി പരിചയവും സമൂഹ നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ ഡാറ്റാ ബാങ്ക്

വിവിധ മേഖലകളിൽ പരിചയവും വൈദഗ്ധ്യവും ആർജ്ജിച്ചിട്ടുള്ള മുതിർന്ന പൗരന്മാരുടെ സേവനം സമൂഹത്തിന്റെ ഉന്നമനത്തിനു പ്രയോജനകരമായ രീതിയിലേക്ക് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 50 വയസ്സിനു മുകളിൽ പ്രായമുള്ള ആളുകളുടെ (സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ സർവ്വീസിൽ നിന്നും വിരമിച്ചവർ) ഒരു ഡാറ്റ ബാങ്ക് തയ്യാറാക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിലൂടെ സർക്കാരിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി അവരുടെ വൈദഗ്ധ്യവും പരിചയ സമ്പത്തും വിനിയോഗിക്കുക എന്നതും ലക്ഷ്യമിടുന്നു. സർക്കാർ, സർക്കാർ ഇതര ഏജൻസികൾ, പ്രൈവറ്റ് സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവർക്ക് ഇവരുടെ സേവനം ലഭ്യമാക്കാവുന്നതാണ്. ഡാറ്റാ ബാങ്കിൽ അപേക്ഷകർക്ക് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈൻ മുഖേന ഈ സൗകര്യം ലഭ്യമാക്കുവാൻ, സോഫ്റ്റ് വെയർ തയ്യാറാക്കുന്ന നടപടികൾ പുരോഗമിച്ചു വരുന്നു.