പ്രവർത്തന പരിധിയും പ്രവർത്തന സമയവും

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിന്റെ ആസ്ഥാനമായ എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രവർത്തന പരിധി കേരളം മുഴുവനുമാണ്. ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളും ഒഴികെ എല്ലാ പ്രവർത്തിദിനങ്ങളും 10.15 മുതൽ 5.15 വരെയാണ് പ്രവർത്തന സമയം. എംപ്ലോയ്‌മെന്റ് വകുപ്പിന്റെ ആസ്ഥാനമായ എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിന്റെ കീഴിൽ കേരളത്തിലെ എല്ലാ ജില്ലകളിലുമായി 105സബ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളുടെയും നിയന്ത്രണം എംപ്ലോയ്‌മെന്റ് ഡയറക്ടറിൽ നിക്ഷിപ്തമാണ്.

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നും പൗരന്മാർക്ക് ലഭിക്കുന്ന സേവനങ്ങൾ

I രജിസ്ട്രേഷൻ:

പുതിയ രജിസ്ട്രേഷൻ

എല്ലാ പ്രവർത്തി ദിവസങ്ങളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. 14 വയസ്സ് പൂർത്തിയായ ഏതൊരാൾക്കും ടിയാന്റെ വാസസ്ഥലം ഉൾപ്പെടുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായും എംപ്ലോയ്മെന്റിൽ രജിസ്ട്രേഷനായി അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിച്ചാൽ, തൊണ്ണൂറ് ദിവസത്തിനകം അസ്സൽ സർട്ടിഫിക്കറ്റുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായി സർട്ടിഫിക്കറ്റ് വെരിഫൈ ചെയ്ത് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കേണ്ടതാണ്. ഇത്തരത്തിൽ 90 ദിവസത്തിനകം ഹാജരാകുന്ന ഉദ്യോഗാർത്ഥികൾക്ക്, ഓൺലൈനായി അപേക്ഷിച്ച തീയതി മുതലുളള സീനിയോറിറ്റി ലഭിക്കുന്നതാണ്.

പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് യോഗ്യതയുളളവരും, സെക്കന്റ് ക്ലാസ്സിൽ കുറയാത്ത ബിരുദാനന്തര ബിരുദം ഉളളവരും അവരുടെ താമസസ്ഥലം ഉൾപ്പെടുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, പ്രസ്തുത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ അധികാരപരിധിയിൽപ്പെടുന്ന മേഖലയിലെ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരായോ www.eemployment.kerala.gov.in എന്ന

വെബ് സൈറ്റ് മുഖേന ഓൺലൈനായോ രജിസ്ട്രേഷനായി അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കുന്നവർ അവർക്ക് ലഭ്യമാകുന്ന ഇൻഫർമേഷൻ സ്ലിപ്പിൽ പറ‍ഞ്ഞിരിക്കുന്ന സമയക്രമം പാലിച്ചുകൊണ്ട്, തൊണ്ണൂറ് ദിവസത്തിനകം അസ്സൽ സർട്ടിഫിക്കറ്റുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായി സർട്ടിഫിക്കറ്റ് വെരിഫൈ ചെയ്ത് രജിസ്ട്രേഷൻ നടപടി പൂർ‍ത്തിയാക്കേണ്ടതാണ്. ഇത്തരത്തിൽ 90 ദിവസത്തിനകം ഹാജരാകുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിച്ച തീയതി മുതലുളള സീനിയോറിറ്റി ലഭിക്കുന്നതാണ്.

രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞാൽ ഐഡന്റിറ്റി കാർഡ് ലഭിക്കുന്നതാണ്. കൂടാതെ ഓൺലൈൻ ആയും മൊബൈൽ ആപ്പ് മുഖേനയും ഐ.ഡി കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട ഏതാവശ്യത്തിനും ഐഡന്റിറ്റി കാർഡ് ഹാജരാക്കേണ്ടതാണ്.

II അധിക യോഗ്യത കൂട്ടി ചേർക്കൽ

എംപ്ലോയ്മെന്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അധിക യോഗ്യത ലഭിക്കുന്ന മുറയ്ക്ക് കാലാകാലങ്ങളിൽ ആയത് രജിസ്ട്രേഷനോടൊപ്പം കൂട്ടിചേർക്കാവുന്നതാണ്. ഓൺലൈനായും/ഓഫീസിൽ ഹാജരായും അധിക യോഗ്യത ചേർക്കാവുന്നതാണ്. ഓൺലൈനായി സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യുന്നവർ തൊണ്ണൂറ് ദിവസത്തിനകം അസ്സൽ സർട്ടിഫിക്കറ്റുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായി സർട്ടിഫിക്കറ്റ് വെരിഫൈ ചെയ്യേണ്ടതാണ്. ഇപ്രകാരം തൊണ്ണൂറ് ദിവസത്തിനകം അസ്സൽ സർട്ടിഫിക്കറ്റുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായി സർട്ടിഫിക്കറ്റ് വെരിഫൈ ചെയ്യുന്നപക്ഷം, അപേക്ഷ സമര്‍പ്പിച്ച തീയതി മുതലുള്ള സീനിയോറിറ്റി ലഭിക്കുന്നതാണ്.

III തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചേർക്കൽ

കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവ്വീസ് റൂൾസിലെ ജനറൽ റൂൾ 9(a) (1) പ്രകാരം, പരമാവധി 180 ദിവസമോ, സ്ഥിര നിയമനം/PSC നിയമനം ലഭിച്ച വ്യക്തി ഹാജരാകുകയോ ഏതാണോ ആദ്യം എന്നതനുസരിച്ചാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലിക നിയമനം ലഭിച്ചവരെ ജോലിയിൽ നിന്നും വിടുതൽ ചെയ്യുന്നത്. അത്തരത്തിൽ പിരിയുന്നവർ 29/07/1994 ലെ ജി.(എം.എസ്)/45/94/LBR സർക്കാർ ഉത്തരവിൽ പരാമർശിച്ചിട്ടുളള മാതൃകയിലുളള വിടുതൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കി, ജോലിയിൽ നിന്നും യഥാർത്ഥത്തിൽ പിരിഞ്ഞ തീയതി മുതൽ 90 ദിവസത്തിനകം, ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാക്കേണ്ടതാണ്. ടി സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവരുടെ സീനിയോറിറ്റി നഷ്ടപ്പെടുന്നതാണ്.

കാലാകാലങ്ങളിൽ പുറപ്പെടുവിച്ചിട്ടുളള സർക്കാർ ഉത്തരവുകൾ പ്രകാരം 1960 ലെ ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് II സാക്ഷ്യപ്പെടുത്തേണ്ടതും, ഫാക്ടറീസ് ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്പെക്ടർമാരോ/ജോയിന്റ് ഡയറക്ടർമാരോ സാക്ഷ്യപ്പെടുത്തേണ്ടതും പ്രൈവറ്റ് ഐ.ടി.സികൾ നൽകുന്ന തൊഴിൽപരിചയ സർട്ടിഫിക്കറ്റുകൾ ട്രെയിനിംഗ് ഇൻസ്പെക്ടർമാർ സാക്ഷ്യപ്പെടുത്തേണ്ടതും, സ്വകാര്യ മേഖലയിലുളള ആശുപത്രികൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുളള തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ, സ്വകാര്യ മേഖലയിലെ ഹോമിയോ ആശുപത്രികളിലെ ക്ലാസ്സ് രജിസ്ട്രേഡ് ഡോക്ടർമാർ നൽകുന്ന 3 വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ അതാതു ജില്ലാ മെഡിക്കൽ ഓഫീസറോ ജില്ലാ മെഡിക്കൽ ഓഫീസർമാർ നിർദ്ദേശിക്കുന്ന ഓഫീസറോ സാക്ഷ്യപ്പെടുത്തേണ്ടതും അപ്രകാരം ലഭ്യമാകുന്ന സർട്ടിഫിക്കറ്റുകൾ മാത്രം രജിസ്ട്രേഷനോടൊപ്പം ചേർത്തു നൽകുന്നതാണ്.

എന്നാൽ 17/01/2007 ലെ ജി.(ആർ.റ്റി) നം. 163/2007/തൊഴിൽ സർക്കാർ ഉത്തരവ് പ്രകാരം ഗുരുതരമായ അപകടം, പ്രസവം, രോഗം, കരുതൽ തടങ്കൽ നിയമം അനുസരിച്ചുളള അറസ്റ്റ്, ഉദ്യോഗാർത്ഥിയുടെ വാസസ്ഥലം/എംപ്ലോയ്മെന്റ് എക്സ്ചേ‍ഞ്ച് ഉൾപ്പെടുന്ന പ്രദേശം എന്നിവിടങ്ങളിൽ ഉണ്ടാകുന്ന പ്രകൃതി ക്ഷോഭം, വെളളപ്പൊക്കം, ഭൂമി കുലുക്കം, തീപിടുത്തം, നിശാനിയമ പ്രഖ്യാപനം തുടങ്ങിയ കാരണങ്ങളാൽ നിശ്ചിത കാലാവധി പൂർത്തിയാക്കുവാൻ കഴിയാതെ പിരിഞ്ഞു പോകുന്നവരും മുകളിൽ പരാമർശിച്ചിരിക്കുന്ന കാരണങ്ങളാൽ വിടുതൽ തീയതി മുതൽ 90 ദിവസത്തിനകം വിടുതൽ സർട്ടിഫിക്കറ്റ് എംപ്ലോയ്മെന്റ് എക്സ്ചേ‍ഞ്ചിൽ ഹാജരാക്കുവാൻ കഴിയാതെ വരുന്നവർക്കും അസുഖം മാറി അഥവാ സംഭവം നടന്ന് ഒരു വർഷത്തിനകം ചികിത്സിച്ച ഡോക്ടറിൽ നിന്നുളള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്/ബന്ധപ്പെട്ട തഹസീൽദാരിൽ നിന്നുളള സർട്ടിഫിക്കറ്റ് സഹിതം എംപ്ലോയ്മെന്റ് ഡയറക്ടർക്ക് അപേക്ഷ നൽകിയാൽ മുൻ സീനിയോറിറ്റി നിലനിർത്തി വിടുതൽ സർട്ടിഫിക്കറ്റ് ചേർത്ത് ലഭിക്കും.

24/12/2007 ലെ ജി.(ആർ.റ്റി)നം.3863/07/തൊഴിൽ സർക്കാർ ഉത്തരവനുസരിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലിക നിയമനം ലഭിച്ചവരിൽ നിയമന കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് ഉന്നത വിദ്യാഭ്യാസത്തിനായി സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ ഗ്രാന്റിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, അഫിലിയേറ്റഡ് സ്ഥാപനങ്ങൾ/കോളേജുകൾ എന്നിവിടങ്ങളിൽ റഗുലർ കോഴ്സിന് ചേരുന്ന ഉദ്യോഗാര്‍ത്ഥികൾക്ക് ആയത് തെളിയിക്കുന്നതിനുളള രേഖകൾ സഹിതം എംപ്ലോയ്മെന്റ് ഡയറക്ടർക്ക് അപേക്ഷ സമർപ്പിച്ചാൽ അവരുടെ സീനിയോറിറ്റി നഷ്ടപ്പെടാതെ വിടുതൽ സർട്ടിഫിക്കറ്റ് ചേർത്ത് നൽകുന്നതിന് എംപ്ലോയ്മെന്റ് ഡയറക്ടർ അനുമതി നൽകുന്നതാണ്. പ്രസ്തുത ആനുകൂല്യം സ.(സാധാ)569/2022/LBR തീയതി 07/05/2022 പ്രകാരം, മേൽ പറഞ്ഞ സ്ഥാപനങ്ങളിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കും ഓൺലൈൻ കോഴ്സുകൾക്കും ചേരുന്നവര്‍ക്ക് കൂടി അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്. സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മെച്ചപ്പെട്ട ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുവാൻ താല്പര്യമുളള പക്ഷം അവർ ജോലി ചെയ്യുന്ന സ്ഥാപന മേധാവികളിൽ നിന്നും നോ ഒബ്ജക്ഷൻ (NOC) സർട്ടിഫിക്കറ്റ് ഹാജരാക്കി രജിസ്റ്റർ ചെയ്യാവുന്നതാണ്. അത്തരത്തിൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ചേർക്കുന്നവർ പിന്നീട് ജോലിയിൽ നിന്നും പിരിയുകയാണെങ്കിൽ പിരിയുന്ന ദിവസം മുതൽ 90 ദിവസത്തിനകം വിടുതൽ സർട്ടിഫിക്കറ്റ് ഹാജരാക്കി രജിസ്റ്റർ ചെയ്യേണ്ടതാണ്.

IV താഴ്ന്ന തസ്തികകളിലേക്ക് പരിഗണിക്കുവാനുളള അപേക്ഷകൾ

എസ്.എസ്.എൽ.സിയോ അതിനുമുകളിലോ യോഗ്യതയുളളവർ‍, പ്യൂൺ വാച്ച്മാൻ മുതലായ ക്ലാസ്IV ഒഴിവുകളിലേക്കും, പാർട്ട് ടൈം സ്വീപ്പർ, സാനിട്ടേഷൻ വർക്കർ മുതലായ പാർട്ട്ടൈം കണ്ടിജന്റ് സർവ്വീസ് ഒഴിവുകളിലേക്കും കൂടി പരിഗണിക്കപ്പെടുവാൻ താൽപര്യപ്പെടുന്നുവെങ്കിൽ ആയതിലേക്കുളള സമ്മതപത്രം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നൽകേണ്ടതാണ്.

V രജിസ്ട്രേഷൻ കേരളത്തിലെ മറ്റ് എംപ്ലോയ്മെന്റ് എക്സ്ചേ‍ഞ്ചുകളിലേക്ക് മാറ്റുന്നത്

താമസസ്ഥലം മാറുന്നതനുസരിച്ച് പുതിയ സ്ഥലത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേയ്ക്ക് സീനിയോറിറ്റിയോടു കൂടി രജിസ്ട്രേഷൻ മാറ്റാവുന്നതാണ്. ആയതിന് പുതിയ മേൽവിലാസം തെളിയിക്കുന്ന രേഖയും, രജിസ്ട്രേഷൻ ഐ.ഡി കാർഡുമായി പുതിയ താമസ സ്ഥലത്തെ എംപ്ലോയ്മെന്റ് എക്സ്ചേ‍ഞ്ചിലോ, ഓൺലൈൻ ആയോ മൊബൈൽ ആപ്പ് വഴിയോ അപേക്ഷ നൽകാവുന്നതാണ്. എന്നാൽ ഓൺലൈൻ/മൊബൈൽ ആപ്പ് മുഖാന്തിരം ട്രാൻസ്ഫര്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍, മേൽവിലാസം തെളിയിക്കുന്ന അസ്സൽ രേഖകൾ ബന്ധപ്പെട്ട ഓഫീസിൽ ഹാജരാക്കി, വെരിഫിക്കേഷൻ നടത്തിയാൽ മാത്രമേ ട്രാൻസ്ഫര്‍ അപേക്ഷയിൻമേൽ നടപടി സ്വീകരിക്കുകയുള്ളൂ.

VI ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളുടെ രജിസ്ട്രേഷൻ

RPWD Act 2016-ൽ പരാമര്‍ശിക്കുന്ന21 ഭിന്നശേഷി വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികൾ 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ ബോര്‍ഡിൽ നിന്നുള്ള ഭിന്നശേഷി സര്‍ട്ടിഫിക്കറ്റോ, UDID കാര്‍ഡോ മറ്റ് അംഗീകൃത രേഖകളോ ഹാജരാക്കുന്ന പക്ഷം, ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതും, ഇത്തരത്തിൽ രജിസ്റ്റര്‍ ചെയ്യുന്നവരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതുമാണ്.

VIIവിമുക്തഭടന്മാരുടെ രജിസ്ട്രേഷൻ

വിമുക്തഭടന്മാരുടെ പ്രാഥമിക രജിസ്ട്രേഷൻ ജില്ലാ സൈനിക ക്ഷേമ കാര്യാലയത്തിലാണ് നടത്തേണ്ടത്. പ്രസ്തുത രജിസ്ട്രേഷന്റെ പകർപ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് ജില്ലാ സൈനിക ഓഫീസർ അയച്ചു തരുന്ന മുറയ്ക്ക് അതേ സീനിയോറിറ്റിയോടെ രജിസ്ട്രേഷൻ നടത്തി നൽകുന്നതാണ്. തുടർന്ന് സ്വായത്തമാകുന്ന അധിക യോഗ്യതകൾ, തൊഴിൽ പരിചയം എന്നിവ രണ്ടിടത്തും നേരിട്ട് ഹാജരായി കൂട്ടിച്ചേർക്കേണ്ടതാണ്.

VIII രജിസ്ട്രേഷൻ പുതുക്കൽ

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ മൂന്ന് വർഷത്തിലൊരിക്കലാണ് പുതുക്കേണ്ടത്. രജിസ്ട്രേഷൻ പുതുക്കേണ്ട മാസത്തിലോ തൊട്ടടുത്ത രണ്ടു മാസത്തിലോ പ്രവർത്തി ദിവസങ്ങളിൽ നേരിട്ടോ, ദൂതൻ മുഖേനയോ, വകുപ്പിന്റെ വെബ് സൈറ്റ് മുഖേന ഓൺലൈനായോ മൊബൈൽ ആപ്പ് മുഖേനയോ പുതുക്കാവുന്നതാണ്. പട്ടികജാതി/പട്ടിക വർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് പുതുക്കേണ്ട മാസം മുതൽ ഒരു വർഷത്തിനകം രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്. വിമുക്തഭടന്മാർ ജില്ലാ സൈനിക ക്ഷേമ കാര്യാലയത്തിലും അവരവരുടെ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും രജിസ്ട്രേഷൻ പുതുക്കേണ്ടതാണ്. പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് രജിസ്ട്രേഷനുളള ഉദ്യോർത്ഥികൾ അവരവരുടെ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും കൂടാതെ അവരുടെ രജിസ്ട്രേഷൻ നിലനിൽക്കുന്ന പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും നേരിട്ട് ഹാജരായോ ഓൺലൈൻ മുഖേനയോ/മൊബൈൽ ആപ്പ് മുഖേനയോ രജിസ്ട്രേഷൻ പുതുക്കൽ നടത്തേണ്ടതാണ്. ഗുരുതരമായ അപകടം, പ്രസവം, രോഗം, കരുതൽ തടങ്കൽ നിയമമനുസരിച്ചുളള അറസ്റ്റ്, ഉദ്യോഗാർത്ഥിയുടെ വാസസ്ഥലം/എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉൾപ്പെടുന്ന പ്രദേശം എന്നിവിടങ്ങളിൽ ഉണ്ടാകുന്ന പ്രകൃതി ക്ഷോഭം, വെളളപൊക്കം, ഭൂമികുലുക്കം, തീപിടുത്തം, നിശാനിയമ പ്രഖ്യാപനം തുടങ്ങിയ കാരണങ്ങളാൽ നിശ്ചിത കാലയളവിനുളളിൽ പുതുക്കുവാൻ കഴിയാത്തവർക്ക് അസുഖം മാറി അഥവാ സംഭവം നടന്ന് ഒരു വർഷത്തിനകം ചികിത്സിച്ച ഡോക്ടറിൽ നിന്നുളള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്/ബന്ധപ്പെട്ട തഹസീൽദാരിൽ നിന്നുളള സട്ടിഫിക്കറ്റ് സഹിതം എംപ്ലോയ്മെന്റ് ഡയറക്ടർക്ക് അപേക്ഷ നൽകിയാൽ മുൻ സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കി ലഭിക്കും. കൂടാതെ രജിസ്ട്രേഷൻ റദ്ദായതിനു ശേഷം സര്‍ക്കാരിൽ നിന്നും പ്രത്യേക പുതുക്കൽ ഉത്തരവ് ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ എംപ്ലോയ്മന്റ് രജിസ്ട്രേഷൻ പുതുക്കി നൽകുന്നതിനുള്ള നടപടികളും എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിൽ കൈക്കൊള്ളുന്നു. രജിസ്ട്രേഷൻ റദ്ദായ ഉദ്യോഗാർത്ഥികളുടെ സീനിയോറിറ്റി പുന:സ്ഥാപിക്കുന്നതിനാവശ്യമായ തുടർനടപടി ഡയറക്ടറേറ്റ് തലത്തിൽ സ്വീകരിക്കുകയും അപേക്ഷകർക്ക് അർഹതയുളള പക്ഷം സീനിയോറിറ്റി പുന:സ്ഥാപിച്ചു നൽകുകയും ചെയ്യുന്നു. എന്നാൽ യഥാസമയം പുതുക്കാത്ത ഉദ്യോഗാർത്ഥികൾക്കും, പ്രത്യേക ഉത്തരവ് പ്രകാരം പുതുക്കുന്നവർക്കും തൊഴിൽ രഹിതവേതനത്തിന് അർഹതയുണ്ടായിരിക്കുന്നതല്ല.

IX ഡ്യൂപ്ലിക്കേറ്റ് ഐഡന്റിറ്റി കാർഡ്

രജിസ്ട്രേഷൻ ഐഡന്റിറ്റി കാർഡ് നഷ്ടപ്പെട്ടവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായി അപേക്ഷ സമർപ്പിച്ചാൽ ഡ്യൂപ്ലിക്കേറ്റ് ഐഡന്റിറ്റി കാർഡ് ലഭിക്കുന്നതാണ്. ഓൺലൈൻ മുഖേനയോ, മൊബൈൽ ആപ്പ് മുഖേനയോ അപേക്ഷ സമര്‍പ്പിക്കാതെ തന്നെ, ID card download ചെയ്ത് എടുക്കാവുന്നതാണ്.

X ലാപ്സ്/ക്യാൻസലേഷൻ സർട്ടിഫിക്കറ്റ്

രജിസ്ട്രേഷൻ യഥാസമയം പുതുക്കാതെ ലാപ്സാവുകയും കാര്യാലയത്തിന്റെ പരിധിക്കുപുറത്തുളള സ്ഥലത്താണ് താമസവും എങ്കിൽ അവർക്കു അവരുടെ ഇപ്പോഴത്തെ താമസ സ്ഥലത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യുന്നതിനായി ലാപ്സ് അറിയിപ്പ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാവുന്നതാണ്. അന്ന് തന്നെ ലാപ്സ് അറിയിപ്പ് സർട്ടിഫിക്കറ്റ് നിലവിൽ രജിസ്ട്രേഷൻ ലാപ്സായിട്ടുള്ള എക്സ്ചേഞ്ചിൽ നിന്ന് രജിസ്ട്രേഷൻ ചെയ്യേണ്ട പുതിയ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേയ്ക്ക് ഓൺലൈൻ ആയി അയച്ചുകൊടുക്കുന്നതാണ്.

രജിസ്‌ട്രേഷൻ നിലവിലുള്ളവർക്ക് സീനിയോറിറ്റിയോടുകൂടി തന്നെ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് രജിസ്‌ട്രേഷൻ മാറ്റാവുന്നതാണ്.അവർ അപേക്ഷിക്കുകയാണെങ്കിൽ അന്ന് തന്നെ ക്യാൻസലേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.രജിസ്‌ട്രേഷൻ നിലവിലുള്ള ഉദ്യോഗാർത്ഥിക്ക് സംസ്ഥനത്തിനകത്തെ മറ്റേതെങ്കിലും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യുന്നതിനായി ക്യാൻസലേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതല്ല.

XI എൻക്വയറി/ഫ്രണ്ട് ഓഫീസ്

വിവിധ ആവശ്യങ്ങൾക്കായി വരുന്ന പൊതുജനങ്ങൾക്കും, മറ്റ് ഉദ്യോഗസ്ഥര്‍ക്കും വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ എൻക്വയറി/ഫ്രണ്ട് ഓഫീസ് സംവിധാനം മുഖേന നൽകി വരുന്നു.

ഒഴിവുകളിലേക്കുള്ള നാമ നിർദ്ദേശം

വിവിധ സ്ഥാപനങ്ങളിൽ നിന്നും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിലേക്ക് അറിയിക്കുന്ന സ്ഥിരം/പാർട്ട് ടൈം/താൽക്കാലിക ഒഴിവുകളിലേക്ക് ഉദ്യോഗദായകർ നിശ്ചിത ഫോറത്തിൽ (മാതൃക ഈ കാര്യാലയത്തിലും വകുപ്പിന്റെ വെബ് സൈറ്റിലും ലഭ്യമാണ്) അപേക്ഷിക്കുമ്പോൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജാതി സംവരണം, മുൻഗണന തത്വങ്ങൾ എന്നീ നിലവിലുള്ള നിയമങ്ങൾക്കു വിധേയമായി രജിസ്ട്രേഷൻ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ലിസ്റ്റുകൾ ഉദ്യോഗദായകന് നൽകുന്നു. പ്രസ്തുത ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റ് /കൂടിക്കാഴ്ച നടത്തി നിയമനം നൽകുന്നത് അതത് ഉദ്യോഗദായകരാണ്.

വിവിധ തരം ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുവാൻ സാദ്ധ്യതയുള്ള ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ ഉൾപ്പെടുന്ന സെലക്ട് ലിസ്റ്റുകൾ (സീനിയോറിറ്റി ലിസ്റ്റ്) മൂന്നു വർഷത്തിൽ ഒരിക്കൽ ബന്ധപ്പെട്ട, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ പ്രസിദ്ധീകരിക്കുന്നു. ആയത് പരിശോധിക്കുന്നതിനും പരാതികൾ സമര്‍പ്പിക്കുവാനും ഉദ്യോഗാർത്ഥികൾക്ക് അവസരവും ഉണ്ട്. പ്രസ്തുത ലിസ്റ്റിൽ നിന്നും യോഗ്യരായ ഉദ്യോഗാർത്ഥികളെ വിവിധ ഒഴിവുകളിലേക്ക് നാമനിർദ്ദേശം ചെയ്യുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അറിയിക്കപ്പെടുന്ന ഓരോ താൽക്കാലിക ഒഴിവുകളിലേയ്ക്കും, പാര്‍ട്ട് ടൈം കണ്ടിജന്റ് ഒഴിവുകളിലേയ്ക്കും ഓരോ ഭിന്നശേഷി ഉദ്യോഗാര്‍ത്ഥിയെ കൂടി അധികമായി നാമനിര്‍ദ്ദേശം ചെയ്തു വരുകയും ചെയ്യുന്നു.