എംപ്ലോയ്‌മെന്റ് വകുപ്പ് കേരള സർക്കാരിന്റെ തൊഴിലും നൈപുണ്യവും ഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വകുപ്പാണ്. ലോകത്തെ ഏറ്റവും വലിയ മനുഷ്യവിഭവശേഷിയുടെ ഡാറ്റാബേസ് മാനേജർമാരിൽ ഒന്നാണ് ഈ വകുപ്പ്.

തൊഴിൽദായകർക്കും തൊഴിലന്വേഷകർക്കുമിടയിൽ ചാലകമായി വർത്തിക്കുക എന്നതാണ് എംപ്ലോയ്‌മെന്റ് വകുപ്പിന്റെ പ്രാഥമിക ലക്ഷ്യം. നിർദ്ദിഷ്ട യോഗ്യത, പ്രവൃത്തി പരിചയം, തൊഴിൽ നൈപുണ്യം എന്നിവയുള്ള ഉദ്യോഗാർത്ഥികളെ ഏറ്റവും ചുരുങ്ങിയ സമയപരിധിക്കുള്ളിൽ നിയമനത്തിനായി നിർദ്ദേശിക്കാൻ വകുപ്പിന് കഴിയുന്നു.

രജിസ്ട്രേഷൻ, പുതുക്കൽ, തിരഞ്ഞെടുപ്പ്, നിയമന നിർദ്ദേശം എന്നീ പ്രക്രിയകളിലൂടെ ഉദ്യോഗദായകർ ഒഴിവുകൾ അറിയിക്കുന്ന മുറയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ലഭ്യമാക്കാൻ വകുപ്പ് നിരന്തരം പ്രയത്നിക്കുന്നു. വകുപ്പിന്റെ ഗുണഭോക്താക്കളുടെ കൃത്യമായ ആവശ്യങ്ങൾക്ക് അനുസൃതമായി സേവനങ്ങൾ നൽകുന്നതിനായി വിവിധ തലങ്ങളിലുള്ള ഒരു ശൃംഖല തന്നെ എംപ്ലോയ്‌മെന്റ് വകുപ്പിന് ഉണ്ട്.
വരുമാനം ലഭിക്കുന്ന തൊഴിലുകൾക്ക് ഒപ്പം സ്വയം തൊഴിൽ പദ്ധതികൾക്കും, തൊഴിൽ വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് ഇപ്പോൾ ഊന്നൽ നൽകി വരുന്നു. മാറുന്ന കാലത്തിന് അനുയോജ്യമായ പുതിയ പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്യുന്നു.

ചരിത്രം

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സേനാവിഭാഗങ്ങളിൽ നിന്നുണ്ടായ കൂട്ട പിരിച്ചു വിടലിന്റെ സമ്മർദ്ദം നേരിടുന്നതിനായി നിലവിൽ വന്നതാണ് എംപ്ലോയ്‌മെന്റ് വകുപ്പ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തോട് കൂടി, വിടുതൽ ചെയ്യപ്പെടാനിടയുള്ള സൈനികരേയും തൊഴിലാളികളെയും സൈനികേതര ജീവിതത്തിലേക്ക് ക്രമേണ പുനഃപ്രവേശിപ്പിക്കുന്നതിനുള്ള ഒരു സംവിധാനത്തിന്റെ ആവശ്യകത അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി അംഗീകരിച്ച ഒരു പദ്ധതിയുടെ അടിസ്ഥാനത്തിൽ 1945 ജൂലൈയിൽ Directorate General of Resettlement and Employment (DGR&E) നിലവിൽ വരികയും തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ തുറന്ന് പ്രവർത്തനമാരംഭിക്കുകയും ചെയ്തു.

1946 അവസാനം വരെ എംപ്ലോയ്‌മെന്റ് വകുപ്പിന്റെ സേവനങ്ങൾ പിരിച്ചുവിടപ്പെട്ട സൈനികർക്കും യുദ്ധ തൊഴിലാളികൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. 1947-ൽ വിഭജനത്തെ തുടർന്ന് എത്തിച്ചേർന്നവരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് എംപ്ലോയ്‌മെന്റ് വകുപ്പ് നിയോഗിക്കപ്പെട്ടു. പൊതുവായി ഉയർന്ന ആവശ്യത്തെ മാനിച്ച്, ക്രമേണ വകുപ്പിന്റെ സേവന പരിധി വിപുലീകരിക്കുകയും 1948-ന്റെ തുടക്കത്തോടെ എല്ലാ വിഭാഗം അപേക്ഷകർക്കുമായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ തുറന്നു നൽകുകയും ചെയ്തു. അപ്രകാരം പുനരധിവാസത്തിനായി രൂപീകൃതമായ ഒരു സ്ഥാപനം അഖിലേന്ത്യ അടിസ്ഥാനത്തിലുള്ള തൊഴിൽ നിയമന സംവിധാനമായി പരിവർത്തനം ചെയ്യപ്പെട്ടു.

ഗുണഭോക്താക്കൾ

  • ഉദ്യോഗാർത്ഥികൾ
  • തൊഴിൽ ദായകർ
  • സംരംഭകർ
  • വകുപ്പുകൾ
  • സർക്കാർ

ശ്രീ.ശിവ റാവു അധ്യക്ഷനായ തൊഴിൽ സേവനങ്ങളും പരിശീലനവുമായി ബന്ധപ്പെട്ട് സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ എംപ്ലോയ്‌മെന്റ് വകുപ്പിന്റെ ദൈനംദിന ഭരണ നിർവ്വഹണം 1956 നവംബർ 1 മുതൽ സംസ്ഥാന സർക്കാരുകൾക്ക് കൈമാറി.

എംപ്ലോയ്‌മെന്റ് സേവനങ്ങൾ ഇപ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത ചുമതലയിലാണ് നിർവ്വഹിക്കപ്പെടുന്നത്.  വകുപ്പിന്റെ ഭരണ പരമായ നിയന്ത്രണം സംസ്ഥാന സർക്കാരിനാണ്.

ഇന്ത്യ ഒട്ടാകെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവർത്തനങ്ങളിൽ ഐക്യരൂപ്യം  ഉറപ്പു വരുത്തുന്നതിനായി ദേശീയ തലത്തിൽ Director General of Employment & Training, ന്യൂഡെൽഹി ആണ് നയങ്ങളും പ്രവർത്തന പദ്ധതികളും രൂപീകരിക്കുന്നത്.

എംപ്ലോയ്‌മെന്റ് വകുപ്പ് കേരളത്തിൽ നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് (കേരളം) എന്ന് അറിയപ്പെടുന്നു.

നാഷണൽ എംപ്ലോയ്മെന്റ് വകുപ്പ് (കേരള) യുടെ നാൾവഴികൾ

1945 രാജ്യത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ തുടങ്ങി
1948 എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ സേവനം എല്ലാ വിഭാഗം ജനങ്ങൾക്കുമായി  തുറന്നു കൊടുത്തു
1956 എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ ഭരണപരമായ നിർവ്വഹണം അതാത് സംസ്ഥാന സർക്കാറുകൾക്ക് കൈമാറി
1982 തൊഴിൽരഹിതർക്കായുള്ള തൊഴിൽരഹിത വേതന വിതരണം  ആരംഭിച്ചു
1999 കെസ്റു – കേരളാ സ്റ്റേറ്റ് സെൽഫ് എംപ്ലോയ്മെന്റ് സ്കീം ഫോർ ദി രജിസ്റ്റേർഡ് അൺഎംപ്ലോയ്ഡ്
2007 മൾട്ടിപർപ്പസ് സർവ്വീസ് സെന്റേഴ്സ്/ജോബ് ക്ലബ് എന്ന സ്വയം തൊഴിൽ പദ്ധതി ആരംഭിച്ചു
2010  ശരണ്യ – അശരണരായ വനിതകൾക്കുള്ള സ്വയം തൊഴിൽ പദ്ധതി
2012 എംപ്ലോയ്ബിലിറ്റി സെന്ററുകൾ ആരംഭിച്ചു
2016 കൈവല്ല്യ – ഭിന്നശേഷിക്കാർക്കുള്ള സമഗ്ര തൊഴിൽ പുനരധിവാസ പദ്ധതി ആരംഭിച്ചു
കരിയർ ഡെവലപ്പ്മെന്റ് സെന്ററുകൾ ആരംഭിച്ചു
2017 eemployment.kerala.gov.in എന്ന ഓൺലൈൻ പോർട്ടൽ മുഖാന്തരം  എംപ്ലോയ്മെന്റ് വകുപ്പ് വഴിയുള്ള സേവനങ്ങൾ ഓൺലൈനാക്കി
തിരുവനന്തപുരം യൂണിവേഴ്സിറ്റി എംപ്ലോയ്യ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയിൽ മോഡൽ കരിയർ സെന്റർ ആരംഭിച്ചു
2018 ഇന്ത്യയിലെ ആദ്യ ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്  പാലോട് ആരംഭിച്ചു
ധനുസ്സ് – കേരളത്തിലെ ബിരുദ വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പ്രവേശനം നേടികൊടുക്കുന്നതിനുള്ള സമഗ്ര പരിശീലന പദ്ധതി
2019 നവജീവൻ – മുതിർന്ന പൗരന്മാർക്കുള്ള സ്വയം തൊഴിൽ പദ്ദതി
2021 സമന്വയ – പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളെ തൊഴിലിന് പ്രാപ്തരാക്കുന്ന സമഗ്ര പരിശീലന പരിപാടി