ഒരു വ്യക്തിയുടെ ഭാവി ശോഭന മാകണമെങ്കിൽ അയാൾ ആഗ്രഹി ക്കുന്ന കരിയർ മേഖലയിൽ എത്തി ച്ചേരാൻ കഴിയണം. മികച്ച കരിയർ നേടുന്നതിന് വളരെ നേരത്തെ തന്നെ അയാളുടെ കരിയർ ചിട്ടപ്പെടുത്തേണ്ടതു ണ്ട്. കരിയർ പ്ലാനിംഗ് എന്നത് വളരെ സൂക്ഷ്മതയോടെ നടത്തേണ്ട ഒന്നാണ്. എന്തെന്നാൽ ഇതിൽ പിഴവ് വന്നാൽ അത് അയാളുടെ ഭാവിയെ ദോഷകരമായി ബാധിക്കും.
കുട്ടികളുടെ കരിയർ പ്ലാനിംഗിന് സഹായിക്കാൻ ശാസ്ത്രീയമായ പല മാർഗ്ഗങ്ങളും തിരുവനന്തപുരം യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ നടത്തിവരുന്നു. കരിയർ കൗൺസിലിംഗിനായി ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ‘സൈക്കോമെട്രിക് കരിയർ അസ്സസ്സ്മെന്റ് ടെസ്റ്റ്’ നടത്തിവരുന്നു. സൈക്കോമെട്രിക് (psyche=mind, metric=measure) എന്നാൽ മനസ്സിനെ വിലയിരുത്തുന്ന തത്വങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് ഇവിടെ കൗൺസിലിംഗ് നൽകുന്നത്.
പ്രശസ്ത അമേരിക്കൻ മന:ശാസ്ത്രജ്ഞനായ ഹോവാർഡ് ഗാർഡൻ ആവിഷ്കരിച്ചതാണ് ബഹുമുഖ ബുദ്ധി സിദ്ധാന്തം(Theory of Multiple Intelligence). ഇതനുസരിച്ച് ഓരോ വ്യക്തികളിലും വ്യത്യസ്ത തരത്തിലുള്ള ബുദ്ധിയാണുള്ളത്. ഏത് തരത്തിലുള്ള ബുദ്ധിയുടെ അളവാണ് അവരിൽ കൂടുതൽ എന്ന് അസ്സസ്സ്മെന്റ് ടെസ്റ്റിലൂടെ കണ്ടെത്തുന്നു.
മൾട്ടിപ്പിൾ ഇന്റലിജൻസ് സിദ്ധാന്തം പ്രകാരം വ്യക്തിയെ വിലയിരുത്താൻ ഒൻപത് തരം ബുദ്ധിയുണ്ട്.
- വാചിക ഭാഷാപരമായ ബുദ്ധി (Verbal & Linguistic Intelligence)
കുട്ടികൾ അക്ഷരങ്ങളോടും ഭാഷയോടും കാണിക്കുന്ന താൽപര്യം, കഥകൾ കേൾക്കാനുള്ള താല്പര്യം, ഉച്ചത്തിൽ സംസാരിക്കാൻ, പുസ്തകങ്ങളും പേപ്പറും കണ്ടാൽ എടുത്തു നോക്കുന്ന സ്വഭാവം ഇവ അവർക്ക് ഭാഷാപരമായ ബുദ്ധി വൈഭവം കൂടുതലുണ്ടെന്ന് മനസ്സിലാക്കാം. ഇവർക്ക് അധ്യാപകർ, കവി, എഴുത്തുകാർ, പത്രപ്രവർത്തകർ, രാഷ്ട്രീയപ്രവർത്തകർ എന്നീ മേഖലകളിൽ തിളങ്ങാനാകും.
- യുക്തി ചിന്തയും ഗണിതപരമായ ബുദ്ധി (Logical & Arithmetic Intelligence)
യുക്തിപരമായി ചിന്തിക്കാനും വിശകലനം ചെയ്യാനും ഒരു നിഗമനത്തിൽ എത്താനുമുള്ള ഒരാളിന്റെ കഴിവാണ് ലോജിക്കൽ ഇന്റലിജൻസ്. ശാസ്ത്രജ്ഞൻ, ഗവേഷകർ, അക്കൗണ്ടന്റ്, കമ്പ്യൂട്ടർ പ്രോഗ്രാമേഴ്സ്.
- ദൃശ്യവും സ്ഥലപരവുമായ ബുദ്ധി (Visual or Spatial Intelligence)
ഒരു പ്രത്യേക സ്ഥലവും അവിടെയുള്ള വസ്തുക്കളെ കണ്ടും നിരീക്ഷിച്ചും പഠിക്കാനും കലാസൃഷ്ടികൾ നടത്താനും കഴിയുന്നു. ബിംബങ്ങൾ ഭാവനയിൽ സൃഷ്ടിക്കാനും ദൃശ്യകല ക്യാമറമാൻ, ജ്വല്ലറി ഡിസൈൻ, ഫൈൻ ആർട്സ്, ആർക്കിടെക്ട്, നാവികർ തുടങ്ങിയ മേഖലയിൽ തിളങ്ങുന്ന അവരായിരിക്കും ഇവർ.
- സംഗീത കലാത്മക ബുദ്ധി (Musical Intelligence)
സംഗീതം, താളം എന്നിവ ചിട്ടപ്പെടുത്തുന്നതിനും ആസ്വദിക്കുന്നതിനുമുള്ള കഴിവ് മ്യൂസിക്കൽ ഇന്റലിജൻസ് കൂടുതലുള്ള വ്യക്തി സംഗീതത്തിലൂടെ കാര്യങ്ങൾ മനസ്സിലാക്കാനും ആശയങ്ങൾ പ്രകടിപ്പിക്കാനും കഴിയുന്നു. ഇവർക്ക് സംഗീതം ചിട്ടപ്പെടുത്താനും വിലയിരുത്താനും സാധിക്കും. ഇത്തരക്കാർക്ക് ശുപാർശ ചെയ്യുന്ന തൊഴിലുകളാണ് സംഗീതജ്ഞൻ, ഗായകൻ, ഗാനരചയിതാവ് തുടങ്ങിയവ.
- കായിക ചാലക ബുദ്ധി (Bodily Kinesthetic Intelligence)
ശാരീരിക ചലനങ്ങളെ നിയന്ത്രിക്കാനും ശരീരഭാഷയിലൂടെ ഉള്ളിലുള്ള കഴിവ് ഇവർക്ക് പ്രകടിപ്പിക്കാൻ കഴിയും. ചുറ്റുമുള്ള വസ്തുക്കളെ വിദഗ്ധമായി വിലയിരുത്താനുമുള്ള പ്രത്യേക കഴിവ്. ഇവർ സ്പോർട്സ്, ഡാൻസ്, അഭിനയം തുടങ്ങി മേഖലയിൽ കഴിവുള്ളവർ ആയിരിക്കും.
- വ്യക്ത്യാന്തര ബുദ്ധി (Interpersonal Intelligence)
മറ്റുള്ളവരുടെ വികാരവിചാരങ്ങൾ മാനിക്കാനും താല്പര്യങ്ങൾ മനസ്സിലാക്കുന്നതിനും അതനുസരിച്ച് പ്രവർത്തിക്കുന്നതിനും പ്രതിസന്ധികൾ മനസ്സിലാക്കി പരിഹാരം കാണുന്നതിനുമുള്ള കഴിവ്. സാമൂഹിക പ്രവർത്തനം, കൗൺസിലിംഗ് എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നത് ഇത്തരക്കാരാണ്.
- ആന്തരിക വൈയക്തിക ബുദ്ധി (Intrapersonal Intelligence)
സ്വന്തം കഴിവ്, ദൗർബല്യം, ബലഹീനത എന്നിവ അപഗ്രഥിച്ച് മനസ്സിലാക്കി പ്രവർത്തിക്കുന്നതിനുള്ള ബുദ്ധ, ഗവേഷകർ, മതപ്രവർത്തകർ തുടങ്ങിയവർ ഈ വിഭാഗത്തിൽ ഉൾപ്പെടും.
- പ്രകൃതിപരമായ ബുദ്ധി (Naturalist Intelligence)
പ്രകൃതിയേയും പരിസ്ഥിതിയേയും സൂക്ഷ്മമായി നിരീക്ഷിക്കുകയും അവയിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് ഒരു അനുമാനത്തിൽ എത്തിച്ചേരുകയും ചെയ്യാനുള്ള കഴിവ്. കർഷകൻ, ഭൗമശാസ്ത്രജ്ഞൻ, ഉദ്യാനപാലകൻ തുടങ്ങിയവർ.
- അസ്തിത്വപരമായ ബുദ്ധി (Existential Intelligence)
സ്വന്തം നിലനിൽപ്പിനേയും അസ്തിത്വത്തേയും കാണാനും തിരിച്ചറിയാനുമുള്ള കഴിവ്, കഴിഞ്ഞകാലം എങ്ങനെയായിരുന്നു, മരണാനന്തരം എന്തു സംഭവിക്കും തുടങ്ങിയ ചോദ്യങ്ങൾക്ക് തന്റേതായ ഉത്തരങ്ങളും വ്യാഖ്യാനങ്ങളും നൽകാൻ ഇവർക്ക് കഴിയും. തത്വജ്ഞാനികൾ, ദാർശനികർ ഈ വിഭാഗത്തിൽ ഉൾപ്പെടും.
കരിയർ ഗൈഡൻസും കൗൺസിലിംഗും
ഓരോരുത്തരുടെയും വിരലടയാളം വ്യത്യാസപ്പെട്ടിരിക്കുന്നത് പോലെ അവരുടെ ഉള്ളിലെ കഴിവുകളും വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഒരാളിനെയും കഴിവ് കൂടിയവർ എന്നും കഴിവ് കുറഞ്ഞവർ എന്നും വേർതിരിക്കാൻ പാടില്ല. ഓരോ വ്യക്തിയുടെയും അദ്വതീയമായ കഴിവുകൾ കണ്ടെത്തുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ആണ് കരിയർ ഗൈഡൻസ്, കൗൺസിലിംഗ് എന്നിവയിലൂടെ ചെയ്യുന്നത്.
ഒരു വ്യക്തിയുടെ ആഴത്തിലുള്ള അഭിരുചികളും സ്വാഭാവികമായ കഴിവുകളും തിരിച്ചറിയാൻ ഈ ബഹുമുഖ ബുദ്ധിസിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള സൈക്കോമെട്രിക് ടെസ്റ്റുകൾ സഹായിക്കുന്നു. ഈ വിലയിരുത്തലുകളിലൂടെ ലഭിക്കുന്ന വിവരങ്ങൾ, ഒരു കൗൺസിലർക്ക് വ്യക്തിയുടെ ശക്തികളെയും താല്പര്യങ്ങളെയും അടിസ്ഥാനമാക്കി ഏറ്റവും അനുയോജ്യമായ കരിയർ പാത നിർദേശിക്കാൻ സഹായിക്കുന്നു. ഇത് വിദ്യാർത്ഥികൾക്ക് അവരുടെ പഠന വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിലും ഭാവിയിൽ ഏത് തൊഴിൽ മേഖലയിലേക്ക് പോകണം എന്ന് തീരുമാനിക്കുന്നതിലും വ്യക്തത നൽകുന്നു.
കൃത്യമായ കരിയർ കൗൺസിലിങ്ങിലൂടെയും സൈക്കോമെട്രിക് അസ്സസ്മെന്റിലൂടെയും ഓരോ വ്യക്തിക്കും അവരുടെ യഥാർത്ഥ കഴിവുകൾ തിരിച്ചറിയാനും അവ വികസിപ്പിക്കാനും തങ്ങളുടെ സ്വപ്നങ്ങൾക്ക് അനുസരിച്ചുള്ള കരിയർ തെരഞ്ഞെടുക്കാനും സാധിക്കും. ഇത് വെറുമൊരു തൊഴിൽ കണ്ടെത്തലല്ല, മറിച്ച് വ്യക്തിപരമായ സംതൃപ്തിയും സമൂഹത്തിന് അവരുടെ ഏറ്റവും മികച്ച സംഭാവന നൽകാനുമുള്ള അവസരം കൂടിയാണ്.
കരിയർ ഗൈഡൻസിനും കൗൺസിലിംഗിനും പൂജ്യം 0471 2304577 എന്ന നമ്പറിൽ വിളിക്കുക.
| ഈ ബ്ലോഗിൽ രേഖപ്പെടുത്തിയിരിക്കുന്ന അഭിപ്രായങ്ങൾ ലേഖകരുടെതാണ്. അത് സർക്കാരിന്റെയോ വകുപ്പിന്റെയോ ആകണമെന്നില്ല |
