കരിയർ മീറ്റ് സംഘടിപ്പിച്ചു
2 ലക്ഷം വിദ്യാർത്ഥികൾക്ക് കരിയർ അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ 2025-26 സാമ്പത്തിക വർഷത്തെ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് നടത്തുന്ന ‘കരിയർ ജ്വാല’ എന്ന പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ *’കരിയർ മീറ്റ്’*, ഇന്ററാക്ടിവ് കരിയർ സെമിനാർ സംഘടിപ്പിച്ചു.
*കായിക രംഗത്തെ സാധ്യതകളും തൊഴിലവസരങ്ങളും* എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെപ്റ്റംബർ 17-ാം തീയതി രാവിലെ 10 മണിക്ക് ദേശീയ തലത്തിൽ ശ്രദ്ധ നേടിയതും ഒരുപാട് വലുതും ചെറുതുമായ കായിക പ്രതിഭകളെ സൃഷ്‌ടിച്ച പറളി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചാണ് കരിയർ മീറ്റ് സംഘടിപ്പിച്ചത്. കായിക രംഗത്ത് മികവ് തെളിയിച്ചതും, ആ മേഖലയിൽ താല്പര്യവുമുള്ള 81 വിദ്യാർത്ഥികൾ പങ്കെടുത്തു.
കായികരംഗത്തെ തൊഴിൽ അവസരങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു സെമിനാർ സംഘടിപ്പിച്ചത്. പറളി സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. രേണുക സ്വാഗതം ആശംസിച്ചു, കായികാധ്യാപകൻ ശ്രീ. മനോജ് അധ്യക്ഷത വഹിച്ചു. യുവജനങ്ങളുടെ ഭാവി കരിയറിൽ കായികത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി, കളി ഒരു വാശിയെന്ന നിലയിൽ മാത്രം കാണാതെ തൊഴിൽ സാധ്യതയുള്ള മേഖലയായി കാണണമെന്ന് അഭിപ്രായപ്പെട്ടു.
പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ(I/C) ശ്രീമതി. ഹേമ. ജി
പരിപാടിയുടെ വിഷയാവതരണം നടത്തി.
കായിക രംഗത്തെ തൊഴിൽ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വ്യക്തമായ ധാരണ നൽകുകയും, അവരുടെ കഴിവുകൾ തൊഴിൽ ജീവിതവുമായി ബന്ധിപ്പിക്കുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുകയുമാണ് സെമിനാറിന്റെ പ്രധാന ലക്ഷ്യമെന്നും വ്യക്തമാക്കി.
പ്രശസ്ത അത്‌ലറ്റ് ശോഭാ. വി.വി. (ഇന്റർ യൂണിവേഴ്സിറ്റി ഗോൾഡ് മെഡലിസ്റ്റ്, നാഷണൽ സ്കൂൾ മീറ്റ് ചാമ്പ്യൻ) ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. രാജേഷ്. സി. സെമിനാർ അവതരിപ്പിച്ചു. കായികം ഒരു വിനോദമോ മത്സരമോ മാത്രമല്ല, തൊഴിൽ അവസരങ്ങളിലേക്ക് യുവാക്കളെ എത്തിക്കുന്ന ശക്തമായ മാർഗമാണെന്നും, പരിശീലനം, അധ്യാപനം, മാനേജ്മെന്റ്, ഗവേഷണം, മീഡിയ, ദേശീയ-അന്താരാഷ്ട്ര മത്സരങ്ങൾ എന്നിവ വഴി വ്യാപകമായ കരിയർ സാധ്യതകൾ ലഭ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.ഉന്നത പഠനം നടത്തുവാനുള്ള സ്ഥാപനങ്ങൾ സംബന്ധിച്ചും, സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ചും വിവരങ്ങൾ കൈമാറി.
