ഇന്ത്യൻ സിവിൽ സർവ്വീസ്
നമ്മുടെ നാട്ടിലെ അഭ്യസ്തവിദ്യരായ യുവാക്കളുടെ സ്വപ്നമാണ് ഇൻഡ്യൻ സിവിൽ സർവ്വീസ്. ഉയർന്ന ജോലി ലഭിയ്ക്കുന്നു എന്നത് മാത്രമല്ല; സർക്കാരിന്റെ നയങ്ങൾ രൂപീകരിയ്ക്കുന്നതിലും അവ നടപ്പാക്കുന്നതിലും പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും നിർണ്ണായകമായ പങ്ക് വഹിയ്ക്കുവാൻ അവസരമൊരുക്കുന്നു എന്നതാണ് ഇതിനെ ആകർഷകമാക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ഭരണ സംവിധാനത്തിന്റെ ഉരുക്ക് ചട്ടക്കൂടായാണ് ഇൻഡ്യൻ സിവിൽ സർവ്വീസിനെ കണക്കാക്കുന്നത്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ എല്ലാ വർഷവും അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന മത്സരപരീക്ഷ വഴിയാണ് ഇൻഡ്യൻ സിവിൽ സർവ്വീസിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത്. രാജ്യത്തെ ഏറ്റവും മിടുക്കരായ ഉദ്യോഗാർത്ഥികൾ മൽസരിയ്ക്കുന്ന ഇൻഡ്യൻ സിവിൽ സർവ്വീസ് പരീക്ഷയിൽ ഉദ്യോഗാർത്ഥികളുടെ അറിവ്, അഭിരുചി, ബൗദ്ധിക നിലവാരം, നിരീക്ഷണ പാടവം, വിശകലനാത്മകത തുടങ്ങിയവ പരിശോധിക്കപ്പെടുന്നു. കഠിനാധ്വാനം ചെയ്യുവാൻ തയ്യാറുള്ള ഏതൊരു വ്യക്തിയ്ക്കും നേടിയെടുക്കുവാൻ കഴിയുന്ന ഒന്നായി ഇന്ന് ഇൻഡ്യൻ സിവിൽ സർവ്വീസ് പരീക്ഷ മാറിയിട്ടുണ്ട്. ശരിയായ പരിശീലനം സിവിൽ സർവ്വീസ് പരീക്ഷ വിജയിക്കുവാൻ അനിവാര്യ മാണ്. ഇൻഡ്യൻ സിവിൽ സർവ്വീസ്, ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ്, ഇന്ത്യൻ പോലീസ് സർവ്വീസ്, ഇന്ത്യൻ ഫോറിൻ സർവ്വീസ് തുടങ്ങി 21 കേഡറുകൾ ഉൾപ്പെടുന്നു. ഓരോ വർഷവും പ്രതീക്ഷിക്കുന്ന ഒഴിവുകൾ കണക്കാക്കി ആയതിലേയ്ക്ക് മാത്രം ഉദ്യോഗസ്ഥരെ ആ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷ വഴി തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.
യോഗ്യത
1) പൗരത്വം
ഇന്ത്യൻ പൗരൻ ആയിരിക്കണം (ഐ എ എസ്, ഐ എഫ് എസ്, ഐ പി എസ് ഒഴികെയുള്ള സർവ്വീസുകൾക്കു് ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ സ്ഥിര താമസമാക്കിയവർക്കും ടിബറ്റൻ അഭയാർത്ഥികൾക്കും അവരുടെ മക്കൾക്കും അപേക്ഷിക്കുവാൻ പറ്റും)
2) പ്രായം
21 നും 32 നും ഇടയിൽ (പട്ടിക ജാതി പട്ടിക വർഗ വിഭാഗക്കാർക്ക് 5 വർഷവും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് 3 വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. പട്ടാളക്കാർക്കും ചില നിബന്ധനകൾക്ക് വിധേയമായി 5 വർഷം വരെ ഇളവ് ലഭിക്കും)
3) വിദ്യാഭ്യാസ യോഗ്യത
അംഗീകൃത ബിരുദം. (അവസാന വർഷ പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്നവരും സിവിൽ സർവ്വീസ് (പ്രിലിമിനറി) പരീക്ഷക്ക് യോഗ്യരാണ്. എന്നാൽ മെയിൻ പരീക്ഷയ്ക്ക് മുമ്പ് ബിരുദം നേടിയിരിക്കണം).
4) പരീക്ഷ ശ്രമങ്ങളുടെ എണ്ണം
സാധാരണയായി 6 തവണ മാത്രമാണ് പരീക്ഷ എഴുതുവാൻ അനുവദിക്കുന്നത്. (മറ്റു് പിന്നാക്ക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 9 തവണയും പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് എത്ര തവണ വേണമെങ്കിലും പരീക്ഷ എഴുതാവുന്ന താണ്. സിവിൽ സർവ്വീസ് പ്രീലിമിനറി പരീക്ഷ മാത്രം എഴുതിയാലും ആയതു ഒരു ശ്രമമായി കണക്കാക്കുന്നതാണ്.)
5) മെഡിക്കൽ, ഫിസിക്കൽ സ്റ്റാൻഡേർഡുകൾ
സിവിൽസർവ്വീസ് പരീക്ഷ പ്രവേശനമാനദണ്ഡങ്ങൾക്കനുസൃതമായി അപേക്ഷകർ ശാരീരികമായി ആരോഗ്യമുള്ളവരായിരിക്കണം . എന്നാൽ ചില നിബന്ധനകൾക്ക് വിധേയമായി ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാവുന്നതാണ്.
പരീക്ഷ ഘടന
സിവിൽ സർവ്വീസ് പരീക്ഷ രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്.
1) സിവിൽ സർവ്വീസ് (പ്രിലിമിനറി) (ഒബ്ജക്ടീവ് ടൈപ്പ്) പരീക്ഷ
2) സിവിൽ സർവ്വീസ് (മെയിൻ) പരീക്ഷ (എഴുത്ത് പരീക്ഷ, അഭിമുഖം)
പരീക്ഷ ഫീസ്
പ്രിലിമിനറി പരീക്ഷക്ക് 100 രൂപയും മെയിൻ പരീക്ഷക്ക് 200 രൂപയുമാണ് ഫീസ്. എന്നാൽ സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവരെ ഫീസ് അടക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പേഴ്സണാലിറ്റി ടെസ്റ്റ് (ഇന്റർവ്യൂ) നു പ്രത്യേകം ഫീസ് ഒരു വിഭാഗവും അടക്കേണ്ടതില്ല.
സിവിൽ സർവ്വീസ് പരീക്ഷ
1) സിവിൽ സർവ്വീസ് (പ്രിലിമിനറി) പരീക്ഷ
സിവിൽ സർവ്വീസ് (പ്രിലിമിനറി) പരീക്ഷയിൽ ഒബ്ജക്ടീവ് ടൈപ്പ് (മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ) രണ്ട് പേപ്പറുകൾ ഉണ്ടായിരിക്കും. 200 മാർക്കുകൾ വീതമുള്ള രണ്ടു പേപ്പറുകൾ (നിർബന്ധിത പേപ്പറുകൾ) ഉൾപ്പെടുന്ന 2 മണിക്കൂർ വീതം ദൈർഘ്യമുള്ള പരീക്ഷയാണിത്. തെറ്റായ ഉത്തരങ്ങൾക്ക് പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. സിവിൽ സർവ്വീസ് (പ്രിലിമിനറി) പരീക്ഷ ഒരു സ്ക്രീനിംഗ് ടെസ്റ്റ് മാത്രമായിരിക്കും. ഈ പരീക്ഷക്ക് നേടിയ മാർക്ക്, സിവിൽ സർവ്വീസ് (മെയിൻ) പരീക്ഷയിലെ യോഗ്യതയുടെ അന്തിമ റാങ്ക് നിർണ്ണയിക്കുന്നതിന് കണക്കാക്കില്ല.
2) സിവിൽ സർവ്വീസ് (മെയിൻ) പരീക്ഷ (എഴുത്തുപരീക്ഷയും അഭിമുഖവും ഉൾപ്പെടെ).
സിവിൽ സർവ്വീസ് (മെയിൻ) പരീക്ഷയിൽ എഴുത്തുപരീക്ഷയും ഇന്റർവ്യൂ / പേഴ്സണാലിറ്റി ടെസ്റ്റും ഉണ്ടായിരിക്കും. എഴുത്തുപരീക്ഷയിൽ 9 പേപ്പറുകൾ അടങ്ങിയിരിക്കും. ഇതിൽ രണ്ടു പേപ്പറുകൾ( പേപ്പർ A യും പേപ്പർ B യും ) പാസായാൽ മതിയാകും എന്നാൽ ബാക്കി നിർബന്ധിത 7 പേപ്പറുകൾക്കും (പേപ്പർ -1 മുതൽ പേപ്പർ -7വരെ ) നേടിയ മാർക്ക്, ഇന്റർവ്യൂ / പേഴ്സണാലിറ്റി ടെസ്റ്റിൽ നേടിയ മാർക്കിനൊപ്പം അന്തിമ റാങ്കിനായി കണക്കാക്കും. നിർബന്ധിത പേപ്പറുകൾക്കു 1750 മാർക്കും ഇന്റർവ്യൂ / പേഴ്സണാലിറ്റി ടെസ്റ്റിന്റെ 275 മാർക്കും ഉൾപ്പെടെ 2025 മാർക്കിലാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുന്നത്. സിവിൽ സർവ്വീസ് (മെയിൻ) പരീക്ഷയുടെ ചോദ്യങ്ങൾക്ക് വിവരണാത്മക രീതിയിലായിരിയ്ക്കും ഉത്തരമെഴുതേണ്ടത്. ഓരോ പേപ്പറിനും മൂന്ന് മണിക്കൂർ ദൈർഘ്യമുണ്ടായിരിക്കും.
യോഗ്യതാ പേപ്പറുകൾ:
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഷകളിൽ നിന്ന് ഉദ്യോഗാർത്ഥി തിരഞ്ഞെടുത്ത ഇന്ത്യൻ ഭാഷകളിലൊന്നിൽ നിന്ന് 300 മാർക്കിന്റെ പരീക്ഷയാണ് പേപ്പർ എ എന്നത്. ഇംഗ്ലീഷ് ഭാഷയിൽ നിന്ന് 300 മാർക്കിന്റെ പരീക്ഷയാണ് പേപ്പർ ബി.
നിർബന്ധിത പേപ്പറുകൾ:
പേപ്പർ I മുതൽ V വരെ ഉപന്യാസ രീതിയിൽ ഉത്തരം എഴുതേണ്ട 250 മാർക്ക് വീതമുള്ള പരീക്ഷയും പേപ്പർ VI, VII എന്നിവ ഉദ്യോഗാർത്ഥി തിരഞ്ഞെടുത്ത ഓപ്ഷണൽ വിഷയങ്ങളുടെ ഉപന്യാസ രീതിയിൽ ഉത്തരം എഴുതേണ്ട 250 മാർക്ക് വീതമുള്ള പരീക്ഷയും ആണ്. ഓപ്ഷണൽ വിഷയം പേപ്പർ I നും II നും UPSC അനുവദിച്ചിട്ടുള്ള 26 വിഷയങ്ങളിൽ ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കാ വുന്നതാണ്.
ഇന്റർവ്യൂ / പേഴ്സണാലിറ്റി ടെസ്റ്റ്
ഇന്റർവ്യൂ / പേഴ്സണാലിറ്റി ടെസ്റ്റിൽ ഉദ്യോഗാർത്ഥിയെ ഒരു ബോർഡ് അഭിമുഖം നടത്തും. ഇന്റർവ്യൂ / പേഴ്സണാലിറ്റി ടെസ്റ്റിന്റെ ലക്ഷ്യം പൊതുസേവനം ഒരു കരിയർ ആയി എടുക്കുന്നതിനു ഉദ്യോഗാർത്ഥിയുടെ വ്യക്തിഗത അനുയോജ്യത പരിശോധിക്കുക എന്നതാണ്. അതോടൊപ്പം ഉദ്യോഗാർത്ഥിയുടെ മാനസിക ശേഷിയും വിലയിരുത്തപ്പെടുന്നു. ഇന്റർവ്യൂ/പേഴ്സണാലിറ്റി ടെസ്റ്റിൽ ഉദ്യോഗാർത്ഥികൾക്കു, പൊതുതാൽപ്പര്യമുള്ള വിഷയങ്ങളിൽ ചോദ്യങ്ങൾ പ്രതീക്ഷിക്കാം.
പരിശീലനം
സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടുന്നതിന് ഹൈസ്കൂൾ തലം മുതൽ ഒരു വിദ്യാർത്ഥി തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. വായന ഒരു ശീലമായി വളർത്തി കൊണ്ടുവരേണ്ടതുണ്ട്. ദിനപത്രങ്ങളും ‘യോജന’ പോലുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കുകയും വിലയിരുത്തുകയും ചെയ്യണം. സിവിൽ സർവ്വീസ് പരീക്ഷക്ക് പരിശീലനം നൽകുന്ന ധാരാളം സ്ഥാപനങ്ങൾ ഇന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി
ദേശീയ നിലവാരത്തിൽ ദില്ലി, ഹൈദരാബാദ്, ചെന്നൈ പോലുള്ള നഗരങ്ങളിലെ മികച്ച പരിശീലനകേന്ദ്രങ്ങളോട് കിടപിടിക്കത്തക്ക സൗകര്യങ്ങളോടു കൂടിയാണ് കേരള സർക്കാരിന് കീഴിൽ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ നിയന്ത്രണത്തിൽ 2005 മുതൽ കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമി പ്രവർത്തനം ആരംഭിച്ചത്. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പ്രധാന കേന്ദ്രത്തെ കൂടാതെ സംസ്ഥാനത്തുടനീളം പത്ത്(പാലക്കാട്, കോഴിക്കോട്, മൂവാറ്റുപുഴ, കോന്നി, ചെങ്ങന്നൂർ, ആളൂർ, പൊന്നാനി, കല്ല്യാശ്ശേരി, കാഞ്ഞങ്ങാട്, കൊല്ലം) ഉപകേന്ദ്രങ്ങളും അക്കാദമിയുടേതായി പ്രവർത്തിച്ചുവരുന്നു.
സിവിൽ സർവ്വീസ് പ്രിലിമിനറി കം മെയിൻകോഴ്സ് , ഐച്ഛിക വിഷയങ്ങളുടെ ക്ലാസ്സ്, നിലവിൽ ബിരുദ / ബിരുദാനന്തര കോഴ്‌സുകൾക്കു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് രണ്ട് വർഷ സിവിൽ സർവ്വീസ് പ്രിലിമിനറി കം മെയിൻ കോഴ്സ് , പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ്, ഹൈസ്കൂളിൽ (8, 9, 10 സ്റ്റാൻഡേർഡ്) പഠിക്കുന്ന കുട്ടികൾക്ക് ടാലന്റ് ഡെവലപ്പ്മെന്റ് കോഴ്സ് എന്നിവയാണ് ഇവിടെ ലഭ്യമായ കോഴ്സുകൾ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവ്വീസ് എക്സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി
പട്ടിക ജാതി/വർഗ്ഗ വിഭാഗത്തിൽപ്പെടുന്ന അഭ്യസ്തവിദ്യരായ യുവാക്കളെ ഇൻഡ്യൻ സിവിൽ സർവ്വീസ് പരീക്ഷ വിജയിക്കുവാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 1989 ൽ പട്ടികജാതി വികസന വകുപ്പ് തിരുവനന്തപുരത്ത് ആരംഭിച്ച സ്ഥാപനമാണിത്. ഇവിടെ പട്ടികജാതി/ വർഗ്ഗ വിഭാഗത്തിൽപ്പെടുന്ന അഭ്യസ്തവിദ്യരായ യുവാക്കൾക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഇൻഡ്യൻ സിവിൽ സർവ്വീസ് പരീക്ഷയുൾപ്പെടെയുള്ള മത്സര പരീക്ഷകൾ വിജയിക്കുവാനാവശ്യമായ പരിശീലനം സൗജന്യമായി നൽകുന്നു.
UPSC യുടെ വെബ് അഡ്രസ്-https://upsconline.nic.in
കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയുടെ വെബ് അഡ്രസ്-
https://kscsa.org
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവ്വീസ് എക്സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി യുടെ വെബ് അഡ്രസ് – www.icsets.org