നാലുവർഷ ബിരുദ പ്രോഗ്രാം (Four Year Under Graduate Programme)

2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ സർവകലാശാലകളിലും നാലുവർഷ ബിരുദ പ്രോഗ്രാമുകൾ (FYUGP) ആരംഭിച്ചിരിക്കുകയാണ്. കേരളത്തിലെ സർവകലാശാലകളിലെ ബിരുദ പ്രോഗ്രാമുകളുടെ കരിക്കുലം അന്താരാഷ്ട്ര തലത്തിലുള്ള ബിരുദ പ്രോഗ്രാമുകളുടെ കരിക്കുലവുമായി സാമ്യമുള്ളതാക്കി മാറ്റി നമ്മുടെ സർവകലാശാലകളിൽ നിന്നുള്ള കോഴ്സുകൾക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരവും കോഴ്സ് ക്രെഡിറ്റുകൾ പരസ്പരം കൈമാറുവാൻ സാധ്യമാകുന്ന തരത്തിൽ ആക്കി മാറ്റുകയാണ് ഇത്തരത്തിലുള്ള നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിച്ചതിന്റെ ലക്‌ഷ്യം.

സവിശേഷതകൾ

  • വിദ്യാർത്ഥിയുടെ താൽപര്യത്തിന് അനുസരിച്ചുള്ള ബിരുദ പ്രോഗ്രാം ഡിസൈൻ ചെയ്യാം. മേജർ വിഷയത്തോടൊപ്പം പഠിക്കേണ്ട മൈനർ വിഷയങ്ങൾ വിദ്യാർത്ഥിക്കു തന്നെ തെരഞ്ഞെടുക്കാം. ആഴത്തിൽ പഠിക്കേണ്ടവർക്ക് അങ്ങനെ പഠിക്കാം.

  • നിശ്ചയിച്ചിരിക്കുന്നതിലും കുറഞ്ഞ സമയം കൊണ്ടും പഠിച്ചു തീർക്കാം.

  • മുഖ്യവിഷയമായി തെരഞ്ഞെടുത്ത വിഷയവുമായി മുന്നോട്ടുപോകാൻ കഴിയുന്നില്ലെങ്കിൽ ആദ്യ രണ്ടു സെമസ്റ്ററുകൾക്കു ശേഷം മുഖ്യവിഷയം മാറാം.

  • നിലവിലെ കോളേജിൽനിന്നു മറ്റൊരു കോളേജിലേക്കോ മറ്റൊരു സർവകലാശാലയിലേക്കോ മാറാം.

  • സയൻസ് വിഷയങ്ങൾക്കൊപ്പം കൊമേഴ്സോ ആർട്സോ ഹ്യുമാനിറ്റീസോ ഒക്കെ പഠിക്കാം. മറിച്ചും പഠിക്കുന്നതിന് അവസരം.

  • വിദ്യാർത്ഥികൾക്ക് പ്രോഗ്രാമിനിടയിൽ ഇടവേളകൾ എടുക്കാനും അതിന് ശേഷം പുനരാരംഭിക്കാനും അവസരം. അഡ്മിഷൻ എടുത്തു കഴിഞ്ഞാൽ 7 വർഷം കൊണ്ട് ബിരുദം പൂർത്തീകരിച്ചാൽ മതി.

  • കോഴ്സിന്റെ ഭാഗമായി ഇന്റേൺഷിപ്പ്, പ്രോജക്ട്, റിസർച്ച് അവസരങ്ങൾ.

  • എൻ.സി.സി, എൻ.എസ്.എസ്, ആർട്സ്, സ്പോർട്സ്, കോളേജ് യൂണിയൻ എന്നിവയിലെ പങ്കാളിത്തത്തിനു ക്രെഡിറ്റുകൾ.

സെമസ്റ്റർ

പഠന ക്ലാസുകൾ, ഇന്റേണൽ പരീക്ഷകൾ, മൂല്യ നിർണയം, മറ്റ് അക്കാദമിക പ്രവർത്തനങ്ങൾ ഉൾപ്പെടെ പഠനം നടത്തുന്നതിനുള്ള 18 ആഴ്ചകൾ ഉൾപ്പെടുന്ന കാലയളവിനെയാണ് ഒരു സെമസ്റ്റർ എന്ന് പറയുന്നത്. ഒരു അക്കാദമിക വർഷം രണ്ടു സെമസ്റ്ററുകൾ ഉണ്ടാകും.

ക്രെഡിറ്റ്

വിദ്യാ‍ര്‍ത്ഥി ഒരു വിഷയത്തിൽ പഠനത്തിനായി ചിലവഴിക്കേണ്ട സമയത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്നതാണ് ക്രെഡിറ്റുകൾ. കേരളത്തിലെ പുതിയ നാലു വർഷ ബിരുദ പ്രോഗ്രാമിൽ 15 മണിക്കൂർ ക്ലാസ്സ് ശ്രവിക്കുകയോ 30 മണിക്കൂർ പ്രാക്ടിക്കൽ ക്ലാസ്സിലോ ഫീൽഡ് പ്രവർത്തനങ്ങളിലോ ഏർപ്പെടുകയോ അതോടൊപ്പം 30 മണിക്കൂർ പഠന അനുബന്ധ പ്രവർത്തനങ്ങളിൽ (സെമിനാർ / അസൈൻമെന്റ് തുടങ്ങിയവ ) ഏർപ്പെടുകയും ചെയ്താൽ ഒരു ക്രെഡിറ്റ് ലഭിക്കും.

അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (ABC)

ഓരോ വിഷയത്തിലും ഒരു വിദ്യാർത്ഥി ആർജ്ജിക്കുന്ന ക്രെഡിറ്റുകൾ സൂക്ഷിക്കുന്നതിന് യുജിസി ലഭ്യമാക്കിയ സംവിധാനം. പഠന അനുബന്ധ പ്രവർത്തങ്ങളുടെ ഭാഗമായി എവിടെനിന്നു ആർജിച്ചാലും ആ ക്രഡിറ്റുകളെല്ലാം പ്രസ്തുത വിദ്യാർത്ഥിയുടെ അക്കൗണ്ടിൽ വരവ് വയ്ക്കും.

മേജർ വിഷയം

ഉന്നത വിദ്യാഭ്യാസത്തിൽ വിദ്യാർത്ഥി പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്ന മുഖ്യ വിഷയമാണ് മേജർ വിഷയം. പുതിയ നാലു വർഷ ബിരുദ പ്രോഗ്രാമിൽ മുഖ്യവിഷയമായി തെരഞ്ഞെടുത്ത വിഷയത്തിൽ 50% ക്രെഡിറ്റ് നേടിക്കഴിയുമ്പോൾ ആ വിഷയം മേജർ വിഷയമായി ബിരുദം ലഭിക്കുന്നു.

ഉദാഹരണത്തിന് എക്കണോമിക്സ് മേജർ വിഷയമായി ബിരുദം.

മൈനർ വിഷയം

പ്രധാന വിഷയത്തിനോടൊപ്പം മറ്റു വിഷയങ്ങളിൽ ധാരണ ഉണ്ടാക്കുന്നതിന് വിദ്യാർത്ഥി തെരഞ്ഞെടുക്കുന്ന വിഷയങ്ങളാണ് മൈനർ വിഷയങ്ങൾ.

ഉദാഹരണത്തിന് എക്കണോമിക്സ് മേജർ വിഷയമായി ബിരുദത്തിനു തെരഞ്ഞെടുത്ത ഒരു വിദ്യാർത്ഥിക്കു സ്റ്റാറ്റിസ്റ്റിക്‌സ് മൈനർ വിഷയമായി തെരഞ്ഞെടുക്കാം.

ഇന്റേൺഷിപ്പ്

നാല് വര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് ക്രെഡിറ്റിന്റെ ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാണ്. നാല് വര്‍ഷ ഓണേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ്പ്/ പ്രോജക്ട് ചെയ്യാനുള്ള അവസരവുമുണ്ട്.

നാലു വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് പ്രോഗ്രാം പൂർത്തീകരിക്കുന്നതിന് 3 ഓപ്ഷനുകൾ ലഭ്യമാണ്.

1. മൂന്നുവർഷ ബിരുദം

നാലുവർഷ ബിരുദ പ്രോഗ്രാമിൽ മൂന്നാം വർഷം കോഴ്സ് പൂർത്തീകരിക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥിക്ക് എക്സിറ്റ് ഓപ്ഷൻഉപയോഗിച്ച് മൂന്നാമത്തെ വര്‍ഷം പഠനം നിർത്താവുന്നതാണ്. അപ്രകാരം പഠനം നിർത്തുന്ന വിദ്യാർത്ഥിക്കു 133 ക്രെഡിറ്റുകൾ ഉണ്ടെങ്കിൽ ബിരുദം ലഭിക്കുന്നതാണ്. ബിരുദാനന്തര ബിരുദം നേടുവാൻ ആഗ്രഹിക്കുന്ന പക്ഷം പ്രവേശനം നേടി 2 വര്‍ഷം തുടർ പഠനം നടത്തേണ്ടതാണ്.

2. ഓണേഴ്സ് ബിരുദം

ബിരുദത്തിനു ശേഷം നേരിട്ട് തൊഴിൽ മേഖലയിൽ പ്രവേശിക്കുന്നതിനോ സ്വയം തൊഴിൽ കണ്ടെത്തുന്നതിനോ ശ്രമിക്കുന്ന വിദ്യാർത്ഥിക്ക് താല്പര്യം അനുസരിച്ചു തൊഴിൽമേഖലയിലേയ്ക്ക് ആവശ്യമായ അറിവും പ്രായോഗിക പരിശീലനവും നൈപുണ്യ വികസനവും നേടുന്നതിനായി ഓണേഴ്‌സ് ബിരുദം തെരഞ്ഞെടുക്കാം. നാലാം വര്‍ഷം പൂർത്തിയായി കഴിയുമ്പോൾ 177 ക്രെഡിറ്റുകൾ ഉണ്ടെങ്കിൽ ഓണേഴ്‌സ് ബിരുദം ലഭിക്കും. ഓണേഴ്‌സ് ബിരുദത്തിനു ശേഷം ലാറ്ററൽ എൻട്രി വഴി ബിരുദാനന്തര ബിരുദത്തിന്റെ രണ്ടാമത്തെ വർഷത്തേയ്ക്ക് നേരിട്ട് പ്രവേശനം തേടി ഒരു വര്‍ഷം കൊണ്ട് ബിരുദാനന്തര ബിരുദം നേടാവുന്നതാണ്.

3. ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം

ബിരുദത്തിനു ശേഷം നേരിട്ട് ഗവേഷണ ബിരുദം നേടുന്നതിനോ ഗവേഷണ മേഖലയിൽ താല്പര്യമുള്ളതോ ആയ വിദ്യാർഥികൾക്ക് ആദ്യ 6 സെമസ്റ്ററുകളിൽ ആകെ 75% മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ നാലു വർഷ ബിരുദം (ഓണേഴ്‌സ് വിത്ത് റിസർച്ച്) തെരഞ്ഞെടുക്കാവുന്നതാണ്. നാലു വർഷം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥിക്കു ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം ലഭിക്കുന്നതാണ്. ഓണെഴസ് വിത്ത് റിസർച്ച് ബിരുദം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥിക്കു ബിരുദാനന്തര ബിരുദം ഇല്ലാതെ ഗവേഷണ പഠനത്തിനും നെറ്റ് പരീക്ഷയ്ക്കും യോഗ്യത ഉണ്ടായിരിക്കും.

നാലുവര്‍ഷ ബിരുദത്തിന്റെ ഘടന

സംസ്ഥാനത്ത് ഇതുവരെ നിലവിലുണ്ടായിരുന്ന ബിരുദ പ്രോഗ്രാമില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ ഏതെല്ലാം വിഷയം പഠിക്കണമെന്ന് മുന്‍കൂട്ടി കോളേജുകള്‍/സര്‍വ്വകലാശാലകളാണ് തീരുമാനിച്ചിരുന്നത്. ഈ രീതി നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ വന്നതോടെ പൂര്‍ണ്ണമായും മാറി. വിദ്യാർത്ഥിയുടെ താൽപര്യത്തിന് അനുസരിച്ചുള്ള ബിരുദ പ്രോഗ്രാം ഡിസൈൻ ചെയ്യാം. മേജർ വിഷയത്തോടൊപ്പം പഠിക്കേണ്ട മൈനർ വിഷയങ്ങൾ വിദ്യാർത്ഥിക്കു തന്നെ തെരഞ്ഞെടുക്കാം.

പുതിയ കരിക്കുലം പ്രകാരം ബിരുദ പ്രോഗ്രാമുകളില്‍ പ്രധാനമായും രണ്ട് വിഭാഗത്തില്‍പ്പെട്ട കോഴ്സുകളാവും ഉണ്ടാവുക. ജനറൽ ഫൗണ്ടേഷൻ കോഴ്സുകളും വിഷയാധിഷ്ഠിത പാത്ത് വേ കോഴ്സുകളും. വിവിധ വിഷയ മേഖലകളില്‍ അടിസ്ഥാനപരമായ അറിവ് നല്‍കാന്‍ ഉദ്ദേശിച്ചിട്ടുള്ള കോഴ്സുകളാണ് ജനറൽ ഫൗണ്ടേഷൻ കോഴ്സുകള്‍. എല്ലാ വിദ്യാര്‍ത്ഥികളും നിശ്ചിത ജനറൽ ഫൗണ്ടേഷൻ കോഴ്സുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എബിലിറ്റി എൻഹാൻസ്‌മെന്റ് കോഴ്സുകള്‍, മൂല്യവര്‍ദ്ധിത കോഴ്സുകള്‍, നൈപുണ്യ വികസന കോഴ്സുകള്‍, മള്‍ട്ടി ഡിസിപ്ലിനറി കോഴ്സുകള്‍ എന്നീ 4 കോഴ്സ് ബാസ്ക്കറ്റുകൾ ജനറൽ ഫൗണ്ടേഷൻ കോഴ്സകളില്‍ പെടുന്നു.

ഉന്നത വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ത്ഥി പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്ന മുഖ്യവിഷയങ്ങളും, മുഖ്യവിഷയത്തൊടൊപ്പം വിശാല ധാരണയുണ്ടാക്കുന്നതിന് വിദ്യാര്‍ത്ഥി തെരഞ്ഞെടുക്കുന്ന വിഷയങ്ങളും ഉള്‍പ്പെടുന്നതാണ് വിഷയാധിഷ്ഠിത പാത്ത് വേ കോഴ്സുകള്‍. ഓരോ പ്രോഗ്രാമിന്റെയും പാത്ത് വേ കോഴ്സുകള്‍ ലെവല്‍ 100, ലെവല്‍ 200, ലെവല്‍ 300, ലെവല്‍ 400 എന്നിങ്ങനെ നാല് തരത്തിലുള്ള നാല് കോഴ്സ് ബാസ്ക്കറ്റുകളിലായി സര്‍വ്വകലാശാലകള്‍ ക്രമീകരിക്കും. ഓരോ തലത്തിലുമുള്ള കോഴ്സ്ബാസ്ക്കറ്റുകളില്‍ നിന്നും വിദ്യാര്‍ത്ഥി തന്റെ ആഗ്രഹപ്രകാരം മേജര്‍ വിഷയങ്ങളും, മൈനര്‍ വിഷയങ്ങളും തെരഞ്ഞെടുത്ത് ബിരുദ വിദ്യാഭ്യാസം രൂപകല്പന ചെയ്യാന്‍ സാധിക്കും. ഓരോ വിഷയത്തിലും വിദ്യാര്‍ത്ഥികള്‍ വിവിധതലത്തില്‍ ആര്‍ജ്ജിച്ച ക്രെഡിറ്റുുകളുടെ അടിസ്ഥാനത്തിലാണ് ആ വിഷയത്തിലുള്ള മേജര്‍ അല്ലെങ്കില്‍ മൈനര്‍ ഡിഗ്രിക്കുള്ള അര്‍ഹത തീരുമാനിക്കുന്നത്.

പാത്ത് വേ തെരെഞ്ഞെടുപ്പ്

മൂന്ന് വര്‍ഷ ബിരുദമാണെങ്കിലും നാല് വര്‍ഷ ഓണേഴ്സ്/ഓണേഴ്സ് വിത്ത് റിസേര്‍ച്ച് ബിരുദമാണെങ്കിലും ഇവ ഓരോന്നും സ്വന്തം താല്പര്യമനുസരിച്ച് രൂപകല്പന ചെയ്യുവാന്‍ പറ്റുന്ന തരത്തിലുള്ള ഫ്ലെക്സിബിലിറ്റി പുതിയ നാല് വര്‍ഷ ബിരുദ പ്രോഗ്രാം നല്‍കുന്നുണ്ട്.

ഫിസിക്സിൽ മിടുക്കനായ ഒരു വിദ്യാർത്ഥിക്ക് സിവിൽ സർവീസ് ആണ് മോഹം എങ്കിൽ ഫിസിക്സ് മേജറും പൊളിറ്റിക്കൽ സയൻസ് മൈനറും ആയിട്ടുള്ള ഒരു ബിരുദ പ്രോഗ്രാം ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്. കാരണം സിവിൽ സർവീസ് പരീക്ഷയിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിന് വളരെയേറെ പ്രാധാന്യം ഉണ്ട്.

ഈ തെരഞ്ഞെടുപ്പ് അനുസരിച്ച് വിദ്യാര്‍ത്ഥികളുടെ ബിരുദത്തിന്റെ ഘടനയിലും മാറ്റങ്ങള്‍ ഉണ്ടാകും. അതായത് ഒരേ വിഷയത്തില്‍ മേജര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തമായ മൈനർ പാത്ത് വേ സ്വീകരിക്കുവാന്‍ കഴിയും.

ഉദാഹരണത്തിന് ഫിസിക്സ് മേജർ ആയ ക്ലാസ്സിൽ പൊളിറ്റിക്കൽ സയൻസ് മൈനർ ആയും കെമിസ്ട്രി മൈനർ ആയും മാത്തമാറ്റിക്സ് മൈനർ ആയും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടാകാം.

1. സിംഗിള്‍ മേജര്‍ പാത്ത് വേ

മറ്റൊരു വിഷയത്തിലും മൈനര്‍ ബിരുദം നേടാന്‍ താല്‍പര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വിഷയത്തിൽ ആഴത്തിൽ അറിയുന്നതിന് അത് മുഖ്യ വിഷയമായി പഠിക്കാൻ സിംഗിള്‍ പാത്ത് വേ തെരഞ്ഞെടുക്കാവുന്നതാണ്

ഉദാഃഫിസിക്സ് മേജര്‍, ഇക്കണോമിക്സ് മേജര്‍

2. മേജര്‍ വിത്ത് സിംഗിള്‍ മൈനര്‍ പാത്ത് വേ

മുഖ്യവിഷയമായി തെരഞ്ഞെടുത്ത വിഷയത്തിന് പുറത്തുള്ള ഏതെങ്കിലും ഒരു വിഷയം മൈനറായി പഠിക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ മേജര്‍ വിത്ത് സിംഗിള്‍ മൈനര്‍ പാത്ത് വേ തെരഞ്ഞെടുക്കാം.

ഉദാഃഫിസിക്സ് മേജറും ഇക്കണോമിക്സ് മൈനറും

3. മേജര്‍ വിത്ത് മള്‍ട്ടിപ്പിള്‍ മൈനര്‍ പാത്ത് വേ

മുഖ്യവിഷയമായി തെരഞ്ഞെടുത്ത വിഷയത്തോടൊപ്പം കൂടുതല്‍ വിഷയങ്ങളില്‍ മൈനര്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ മേജര്‍ വിത്ത് മള്‍ട്ടിപ്പിള്‍ മൈനര്‍ പാത്ത് വേ തെരഞ്ഞെടുക്കണം.

ഉദാഃഫിസിക്സ് മേജറും, കെമിസ്ട്രിയും മാത്തമാറ്റിക്സും മൈനറുകളും., ഇക്കണോമിക്സ് മേജറും,

ഹിസ്റ്ററിയും ഇംഗ്ലീഷും മൈനറുകളും.

4. ഇന്റര്‍ ഡിസിപ്ലിനറി / മള്‍ട്ടിപ്പിള്‍ ഡിസിപ്ലിനറി പാത്ത് വേ

ഒന്നിലധികം വിഷയങ്ങള്‍ അനുയോജ്യമായ രീതിയില്‍ സംയോജിപ്പിച്ച് മുഖ്യവിഷയമായി തെരഞ്ഞെടുക്കുന്ന പ്രോഗ്രാമാണ് ഇന്റര്‍ ഡിസിപ്ലിനറി / മള്‍ട്ടിപ്പിള്‍ ഡിസിപ്ലിനറി പാത്ത് വേ.

ഉദാഃബയോടെക്നോളജി മേജര്‍, ‍‍ഡാറ്റാ സയന്‍സ് മേജര്‍

5. മേജര്‍ വിത്ത് വൊക്കേഷണല്‍ മൈനര്‍

മുഖ്യവിഷയമായി തെരഞ്ഞെടുത്ത വിഷയത്തോടൊപ്പം ഹ്രസ്വകാല തൊഴിൽ സംബന്ധിയായ കോഴ്സുകള്‍ മൈനറായി പഠിക്കുന്നതിന് തെരഞ്ഞെടുക്കാവുന്നതാണ്.

ഉദാഃകൊമേഴ്സ് മേജറും ഫിനാന്‍ഷ്യല്‍ ടെക്നോളജി മൈനറും. കംപ്യൂട്ടർ സയന്‍സ് മേജറും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മൈനറും.

6. ഡബിള്‍ മേജര്‍ പാത്ത് വേ

രണ്ട് പ്രധാന വിഷയങ്ങള്‍ മുഖ്യവിഷയമായി തെരഞ്ഞെടുത്ത് ആഴത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ഡബിള്‍ മേജര്‍ പാത്ത് വേ തെരഞ്ഞെടുക്കാവുന്നതാണ്.

ഉദാഃഫിസിക്സും കെമിസ്ട്രിയും മേജര്‍, കൊമേഴ്സും മാനേജ്മെന്റും മേജര്‍.

ആദ്യ രണ്ട് സെമസ്റ്ററുകളിലെ പഠനത്തിന് ശേഷം ആദ്യം അഡ്മിഷന്‍ നേടിയ മേജര്‍ വിഷയം മൈനർ ആക്കി മാറ്റുവാനും മൈനർ വിഷയം മേജർ ആക്കി മാറ്റുന്നതിനോ, കോളേജുകളോ, സര്‍വ്വകലാശാലകളോ മാറ്റുന്നതിനോ ഉള്ള സ്വാതന്ത്ര്യം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകും.

നാലുവർഷ ബിരുദ കോഴ്സുകൾ വ്യത്യസ്തമായ വഴികളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഈ വഴികളിൽ ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാം. തെരഞ്ഞെടുപ്പാണ് പ്രധാനം. താല്പര്യമുള്ള കോഴ്സുകൾ, താല്പര്യമുള്ള പാത്ത് വേകൾ ഏതൊക്കെ കോളേജുകളിൽ ഉണ്ട് എന്ന് ആദ്യമേ സർവകലാശാല അഡ്മിഷൻ വിഭാഗവുമായും കോളേജുമായും ബന്ധപ്പെട്ട് കണ്ടെത്തുകയും അതിനുശേഷം തീരുമാനങ്ങൾ എടുക്കുകയും ചെയ്യുക.