ആമുഖം
നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിന്റെ പരിധിയിൽ വരുന്ന എല്ലാ സബ് ഓഫീസുകൾക്കും, ടി പരിധിയിൽ താമസിക്കുന്ന എല്ലാ പൗരന്മാർക്കും ഇവിടെ നിന്ന് ലഭിക്കാവുന്ന എല്ലാ സേവനങ്ങളും യാതൊരു ശുപാർശയും പ്രലോഭനവും കൂടാതെ ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പൗരാവകാശ രേഖയാണിത്. എംപ്ലോയ്‌മെന്റ് വകുപ്പിന്റെ സേവനങ്ങൾ അവയെ സംബന്ധിച്ച വ്യവസ്ഥകൾ, സേവനത്തെക്കുറിച്ചുള്ള പരാതികൾക്കുള്ള പരിഹാരമാർഗ്ഗങ്ങൾ, ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാരുടെ വിവരങ്ങൾ എന്നിവ ഈ പൗരാവകാശ രേഖയിൽ പ്രതിപാദിക്കുന്നു.
ഈ പൗരാവകാശരേഖയുടെ കാലാവധി ഇന്നു മുതൽ ഒരു വർഷമാണ്. കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തിൽ അതാതു വർഷം ഈ രേഖ പുതുക്കി പ്രസിദ്ധീകരിക്കുന്നതായിരിക്കും.
ഈ കാര്യാലയത്തിൽ നിന്നും പൊതുജനങ്ങൾക്കു ലഭിക്കുന്ന സേവനങ്ങൾ പരമാവധി സുതാര്യവും മാതൃകാപരവുമായാണ് ഈ രേഖയിൽ പ്രതിപാദിച്ചിട്ടുള്ളത്. പൗരാവകാശ രേഖ ഫലപ്രദമായി ഉപയോഗിച്ചാൽ ഈ കാര്യാലയത്തിലൂടെ ലഭ്യമാകുന്ന സേവനങ്ങളുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തുവാൻ കഴിയുമെന്ന ഉത്തമ വിശ്വാസത്തിൽ ഈ കാര്യാലയത്തിന്റെ പരിധിയിൽ വരുന്ന പൊതുജനസമക്ഷം ആദരപൂർവം സമർപ്പിച്ചുകൊള്ളുന്നു.
എംപ്ലോയ്‌മെന്റ് ഡയറക്ടർ
തിരുവനന്തപുരം
2024
ദൗത്യവും ലക്ഷ്യവും
നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് മാന്വൽ (എൻ.ഇ.എസ്.എം) ന്റെയും കമ്പൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസീസ് ആക്ട് 1959, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കാലാകാലങ്ങളിലെ ഉത്തരവുകൾ, സർക്കുലറുകൾ, മിനിട്ട്സുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് എംപ്ലോയ്‌മെന്റ് വകുപ്പ് പ്രവർത്തിക്കുന്നത്. സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖലാ/ സ്വകാര്യ മേഖലയിലെ ഒഴിവുകൾ എംപ്ലോയ്‌മെന്റ് വകുപ്പിൽ അറിയിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുക, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കപ്പെടുന്ന ഒഴിവുകൾക്ക് നിയമാനുസൃതം യോഗ്യരായ ഉദ്യോഗാർത്ഥികളെ നാമനിർദ്ദേശം ചെയ്യുക, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നേടിയെടുക്കുന്നതിനാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക, കോച്ചിംഗ് ക്ലാസ്സുകൾ സംഘടിപ്പിക്കുക. ഉന്നത പഠനത്തിനായി തൊഴിലധിഷ്ഠിത കോഴ്സുകൾ ഉൾപ്പെടെ വിദ്യാഭ്യാസ മേഖലയിലെ വിവിധ കോഴ്സുകളെ കുറിച്ച് വിവരം നൽകുകു, എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേന എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളെ തൊഴിൽ നൈപുണ്യ കേന്ദ്രങ്ങളാക്കി മാറ്റുക, പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകൾക്കും, ഭിന്നശേഷിക്കാര്‍ക്കും, സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന തൊഴിൽരഹിതർക്കുമായി വിവിധ സ്വയംതൊഴിൽ പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ സേവനങ്ങളാണ് എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നൽകി വരുന്നത്. വിവരാവകാശ നിയമ പ്രകാരം സമർപ്പിക്കുന്ന അപേക്ഷകൾക്ക് നിശ്ചയിച്ചിട്ടുള്ള ഫീസ് ഒഴികെ എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നൽകുന്ന എല്ലാ സേവനങ്ങളും സൗജന്യമാണ്.