മുൻഗണനാ വിഭാഗക്കാർ

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങളിൽ മുൻഗണന ലഭിക്കുന്ന വിഭാഗങ്ങളുടെ വയസ്സിളവ് സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

വിഭാഗം

വയസ്സിളവ്

1.

വിമുക്ത ഭടന്മാർ

:

സൈന്യത്തിലെ സേവന കാലയളവും പരമാവധി അഞ്ചു വർഷം വരെയുളള തൊഴിൽ രഹിത കാലയളവും സംവരണ സമുദായങ്ങൾക്കുളള വയസ്സിളവ് പുറമെ എന്നാൽ യഥാർത്ഥ വയസ് 50 കഴിയാൻ പാടില്ല.

2.

ഭിന്നശേഷിക്കാര്‍

:

കാഴ്ച/ശ്രവണ പരിമിതിയുള്ള ഭിന്നശേഷിക്കാര്‍ക്ക് 15 വര്‍ഷവും, അസ്ഥിപരിമിതിയുള്ള ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നു.

3.

ഭർത്താവ് മരണപ്പെട്ടവർ, നിയമാനുസൃതം വിവാഹ മോചനം നേടിയ സ്ത്രീകൾ. 35 വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾ (ക്ലാസ് 4, ക്ലാസ്സ് 3 ഒഴിവുകൾക്ക്)

:

10 വർഷം

4.

പട്ടികവർഗ്ഗക്കാരായ 18 വയസ്സ് കഴിഞ്ഞ അവിവാഹിതരായ അമ്മമാർ

:

10 വർഷം

5.

സർക്കാർ അംഗീകാരമുളള അനാഥാലയം, ജൂവനൈൽ ഹോം, സ്പെഷ്യൽ ഹോം, അബലാ മന്ദിരം, ആഫ്റ്റർ കെയർ ഹോം, റെസ്ക്യൂ ഹോം, ശ്രീചിത്ര ഹോം എന്നിവിടങ്ങളിലെ അന്തേവാസികൾക്കും മുൻ അന്തേവാസികളായിരുന്നവർക്കും.

:

10 വർഷം

6.

മുൻ സെൻസസ് ജീവനക്കാർ

:

സേവനകാലയളവ് (പരമാവധി 5 വർഷം)

7.

01.06.1963 നു ശേഷമുളള ബർമ്മൻ അഭയാർത്ഥികൾ

:

പരമാവധി 45 വയസ്സ്.

8.

01.11.1964 നു ശേഷമുളള ശ്രീലങ്കൻ അഭയാർത്ഥികൾ.

:

പരമാവധി 45 വയസ്സ്.

9.

കിഴക്കൻ/പടിഞ്ഞാറൻ പാകിസ്ഥാനിൽ നിന്നും നീക്കം ചെയ്യപ്പട്ടവർ കിഴക്കനാഫ്രിക്കൻ രാജ്യങ്ങൾ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുളള അഭയാർത്ഥികൾ

:

പരമാവധി 45 വയസ്സ്.

10.

ആസാം റൈഫിൾസിൽ നിന്നും വിടുതൽ ചെയ്യപ്പെട്ട ജവാന്മാർ

:

വിമുക്ത ഭടന്മാർക്കുള്ള അതേ ആനുകൂല്യം (വിമുക്തഭടന്മാർക്ക് മാത്രമായുള്ള ഒഴിവുകളിലേക്ക് പരിഗണിക്കില്ല.)

11.

GREF ൽ നിന്നും വിടുതൽ ചെയ്യപ്പെട്ട ജവാന്മാർ

:

വിമുക്ത ഭടന്മാർക്കുള്ള അതേ ആനുകൂല്യം (വിമുക്ത ഭടന്മാർക്ക് മാത്രമായുള്ള ഒഴിവുകളിലേക്ക് പരിഗണിക്കില്ല)

12.

ആറ് മാസത്തിൽ കുറയാത്ത എംബോഡീഡ് സർവീസുളള ടെറിട്ടോറിയൽ ആർമിയിലെ ജവാന്മാർ

:

വിമുക്തഭടന്മാർക്കുളള അതേ ആനുകൂല്യം (വിമുക്ത ഭടന്മാർക്ക് മാത്രമായുളള ഒഴിവുകളിലേക്ക് പരിഗണിക്കില്ല)

13.

മിശ്ര വിവാഹിതരും അവരുടെ കുട്ടികളും (മിശ്ര വിവാഹിതരിൽ ഒരാൾ പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ടയാളായിരിക്കണം)

:

വയസ്സിളവില്ല.

14.

അന്തർദേശീയ/ദേശീയ തലത്തിൽ നടത്തുന്ന സ്പോർട്സ് / ഗെയിംസിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്തവർ

:

വയസ്സിളവില്ല.

15.

സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 90 ദിവസമോ അതിലധികമോ കാലയളവിൽ ജോലി ചെയ്ത് പിരിച്ചു വിടപ്പെട്ടവർ

:

വയസ്സിളവില്ല.

16.

സംസ്ഥാന അ‍ർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 90 ദിവസമോ അതിലധികമോ കാലയളവിൽ ജോലി ചെയ്ത് 17.05.2001 ന് ശേഷം പിരിച്ചു വിടപ്പെട്ടവർ

:

വയസ്സിളവില്ല.

17.

എൻ.സി.സി ഇൻസ്ട്രക്ടറായി ജോലി ചെയ്ത് പിരിച്ചു വിടപ്പെട്ടവർ

:

വയസ്സിളവില്ല.

18.

അധ്യാപക പരിശിലനം ലഭിച്ചിട്ടുളള ജവാന്മാരുടെ ഭാര്യമാർ (അദ്ധ്യാപക ഒഴിവുകൾക്ക് മാത്രം)

:

വയസ്സിളവില്ല.

19.

യുദ്ധരംഗത്തു മരണമടഞ്ഞ ജവാന്മാരുടെ രണ്ടു ആശ്രിതർ (കേന്ദ്ര സർക്കാർ ഒഴിവുകൾക്ക് മാത്രം)

വയസ്സിളവില്ല.

20.

എൻഡോസൾഫാൻ ദുരിതബാധിതർ (കാസർഗോഡ് ജില്ല മാത്രം)

10 വർഷത്തെ വയസ്സിളവ്

ഭർത്താവ് മരിച്ചുപോയവർക്കും നിയമാനുസൃതം വിവാഹബന്ധം വേർപെടുത്തിയവർക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും നാമനിർദ്ദേശം ചെയ്യുമ്പോൾ മുൻഗണനാ വിഭാഗത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിനു വേണ്ടി ബന്ധപ്പെട്ട വില്ലേജ് ഓഫീസർ/കോർപ്പറേഷൻ മേയർ/മുൻസിപ്പൽ ചെയർമാൻ/പഞ്ചായത്ത് പ്രസിഡന്റ് എന്നിവരിലാരെങ്കിലും നൽകുന്ന സർട്ടിഫിക്കറ്റുകൾ സ്വീകരിക്കേണ്ടതാണെന്ന് 20.02.98 ലെ ജി.(എം.എസ്) നം. 6/98/തൊഴിൽ 27.10.08 ലെ ജി.(എം.എസ്)നം.88/98/തൊഴിൽ എന്നിവ പ്രകാരം സർക്കാർ ഉത്തരവായിട്ടുണ്ട്. ‘നിയമാനുസൃതം വിവാഹമോചനം’ എന്നതിൽ നിയമപരം എന്നതിന് താഴെ വിവരിക്കുന്ന പ്രകാരമുളള സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാമെന്ന് 25.02.99 ലെ ജി.(എം.എസ്) നം.25/99/തൊഴിൽ പ്രകാരം സർക്കാർ ഉത്തരവായിട്ടുണ്ട്.

1.

ക്രിസ്ത്യൻ/മുസ്ലിം സമുദായത്തിൽപ്പെടുന്ന സ്ത്രീകളുടെ കാര്യത്തിൽ പളളികളിലെ ബന്ധപ്പെട്ട പളളി വികാരി/മുസ്ലിം പളളി അധികാരി നൽകുന്ന വിധവ/വിവാഹ മോചന സർട്ടിഫിക്കറ്റ്.

2.

മറ്റു മതസ്ഥരുടെ കാര്യത്തിൽ അതാതു പ്രാർത്ഥനാലയങ്ങളുടെ ട്രസ്റ്റ് നൽകുന്ന വിധവ/വിവാഹ മോചന സർട്ടിഫിക്കറ്റ്.

3.

മിശ്ര വിവാഹിതരാണെങ്കിൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ നൽകുന്ന വിധവ/വിവാഹ മോചന സർട്ടിഫിക്കറ്റ്.

4.

വിവാഹമോചന കേസ് ഫയലിൽ സ്വീകരിച്ച് കോടതി വിധിയായ കേസുകളിൽ കോടതി വിധി അറിഞ്ഞ ശേഷം വില്ലേജ് ഓഫിസർ നൽകുന്ന ഇപ്പോഴത്തെ സ്റ്റാറ്റസ് സർട്ടിഫിക്കറ്റ്.

5.

സബ് രജിസ്റ്റർ ഓഫീസുകളിൽ നിന്നും ലഭിച്ച വിവാഹമോചന സർട്ടിഫിക്കറ്റ്.

6.

ഭർത്താവിനെക്കുറിച്ച് ഏഴു വർഷങ്ങളായി യാതൊരു വിവരവുമില്ല (കാണാതെപോയി) എന്നത് സംബന്ധിച്ച് ബന്ധപ്പെട്ട തഹസീൽദാർ / സർക്കിൾ ഇൻസ്പെക്ടറിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ്.

മുകളിൽ പരാമർശിച്ചിട്ടുളള സർട്ടിഫിക്കറ്റുകളിലെല്ലാം പുനർ വിവാഹിതയല്ലെന്നും കൂടി സാക്ഷ്യപ്പെടുത്തിയിരിക്കണം. 35 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്ക് വില്ലേജ് ഓഫീസർമാർ നൽകുന്ന സർട്ടിഫിക്കറ്റ്, 18 വയസ്സ് പൂർത്തിയായ പട്ടികവർഗ്ഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാർ ആയത് തെളിയിക്കുന്നതിന് പട്ടികവർഗ്ഗ വികസന വകുപ്പ് പ്രോജക്ട് ഓഫീസർ/ട്രൈബൽ ഡവലപ്മെന്റ് ഓഫീസർമാർ നൽകുന്ന സർട്ടിഫിക്കറ്റ്, എൻഡോസൾഫാൻ ദുരിതബാധിതർ ബന്ധപ്പെട്ട പഞ്ചായത്ത് അധികാരികളിൽ നിന്നുളള സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. മുഖ്യമന്ത്രി, മന്ത്രിമാ‍ർ, നിയമസഭാ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴിയുളള സംസ്ഥാന സർക്കാർ നിയമനങ്ങളിൽ അവർ ജോലി ചെയ്ത കാലയളവ് ഉയർന്ന പ്രായപരിധിയിൽ വയസ്സിളവായി അനുവദിച്ചിട്ടുണ്ട്.

തൊഴിൽ മാർഗ്ഗ നിർദ്ദേശം (വൊക്കേഷണൽ ഗൈഡൻസ്)

വിദ്യാഭ്യാസപരവും തൊഴിൽപരവുമായ വിവരങ്ങൾ വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ, യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിൽ നിന്നും ഉപരിപഠന മേഖലകൾ, പരിശീലന സൗകര്യങ്ങൾ, സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവയെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് അവ കാലാനുസൃതമാക്കി വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും വിവരങ്ങൾ നൽകുകയും ആവശ്യക്കാർക്ക് വ്യക്തിഗത മാർഗ്ഗ നിർദ്ദേശം നൽകുകയും ചെയ്യുന്നു. തൊഴിൽ മാര്‍ഗ്ഗനിര്‍ദ്ദേശ നടപടിക്രമങ്ങളുടെ ഭാഗമായി സംഘ ചര്‍ച്ചകൾ, രജിസ്ട്രേഷൻ മാര്‍ഗ്ഗനിര്‍ദ്ദേശം, വ്യക്തിഗത വിവരം, വ്യക്തിഗതമാര്‍ഗ്ഗ നിര്‍ദ്ദേശം തുടങ്ങിയ സേവനങ്ങൾ നൽകി വരുന്നു. സ്ക്കൂൾ, കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, .റ്റി.ഐ തുടങ്ങിയ പരിശീലന സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ച് വിദ്യാർത്ഥികൾക്കും പരിശീലനാർത്ഥികൾക്കുമായി കരിയർ പ്രഭാഷണങ്ങൾ നടത്തുന്നു. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ ധനസഹായം ലഭ്യമാക്കി സൗജന്യ പരിശീലന ക്ലാസുകൾ നടത്തുന്നു. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികൾക്ക് ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയും പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി/എസ്.റ്റി വഴിയും തൊഴിൽ മാർഗ്ഗ നിർദ്ദേശവും പരിശീലനവും നൽകി വരുന്നു.

പി.എസ്.സി ഫെസിലിറ്റേഷൻ സെന്ററുകൾ

വിദൂര ഗ്രാമീണ മേഖലകളിലെ ഉദ്യോഗാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ലഭ്യമാക്കുന്ന ഓൺലൈൻ പരീക്ഷ പരിശീലനം, വൺടൈം രജിസ്ട്രേഷൻ തുടങ്ങിയ വിവിധ സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് എംപ്ലോയ്‌മെന്റ് വകുപ്പ് കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ സഹകരണത്തോടെ ജില്ലാ ആസ്ഥാനങ്ങളിൽ പി.എസ്.സി ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്.

പി.എസ്.സി പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ അപ് ലോഡിങ്, വൺ ടൈം രജിസ്ട്രേഷൻ, വിവിധ സംശയ നിവാരണം, പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റുകൾ, ഷോർട്ട് ലിസ്റ്റുകൾ പരിശോധിക്കുക, ക്രീമിലെയർ, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യുന്ന വിധം, ഹാൾ ടിക്കറ്റ് ഡൗൺ ലോഡ് തുടങ്ങി വിവിധ സേവനങ്ങൾ തികച്ചും സൗജന്യമായി ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നതാണ്. പി.എസ്.എസി ഫെസിലിറ്റേഷൻ സെന്ററുകളുടെ വിവരങ്ങൾ ചുവടെ നൽകുന്നു.

  • യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ, തിരുവനന്തപുരം

  • യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ, കാലടി

  • യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ, കോഴിക്കോട്

  • ജില്ല എംപ്ലോയ്മെന്റ് ഓഫീസ്, കൊല്ലം

  • ജില്ല എംപ്ലോയ്മെന്റ് ഓഫീസ്, ആലപ്പുഴ

  • ജില്ല എംപ്ലോയ്മെന്റ് ഓഫീസ്, പത്തനംതിട്ട

  • ജില്ല എംപ്ലോയ്മെന്റ് ഓഫീസ്, കോട്ടയം

  • ജില്ല എംപ്ലോയ്മെന്റ് ഓഫീസ്, ഇടുക്കി

  • ജില്ല എംപ്ലോയ്മെന്റ് ഓഫീസ് ,തൃശൂർ

  • ജില്ല എംപ്ലോയ്മെന്റ് ഓഫീസ് ,പാലക്കാട്

  • കരിയർ ഡെവലപ്മെന്റ് സെന്റർ, പേരാമ്പ്ര

സ്റ്റേറ്റ് വൊക്കേഷണല്‍ ഗൈഡന്‍സ് ശാക്തീകരണം പദ്ധതി

 സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് ശാക്തീകരണം പദ്ധതി

സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസൃതമായ തൊഴിൽ തെരെഞ്ഞെടുക്കുന്നതിനും തൊഴിൽപരമായ പുരോഗതി കൈവരിക്കുന്നതിനും ആവശ്യമായ വിധത്തിൽ വിവിധ തൊഴിലവസരങ്ങളെക്കുറിച്ചും, പഠനം, തൊഴില്‍നില, പരിശീലന സൗകര്യങ്ങൾ  സ്കോളര്‍ഷിപ്പ് എന്നിവയെക്കുറിച്ച് ഉദ്യോഗാർത്ഥികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സാമൂഹ്യ സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർക്ക് ആവശ്യമായ വിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നല്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ, സർവ്വകലാശാലകളോടനുബന്ധിച്ചുള്ള 7 യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോകൾ എന്നിവ മുഖേന വൊക്കേഷണൽ ഗൈഡൻസ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. കരിയർകോൺഫറൻസുകൾ, പ്രദർശനങ്ങൾ, വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും വേണ്ടിയുള്ള ഗൈഡൻസ് പരിപാടികൾ, കരിയർഎക്സിബിഷനുകൾ, കരിയർസെമിനാറുകൾ, വിവിധ മത്സര പരീക്ഷകൾക്കു വേണ്ടിയുള്ള പരിശീലന പരിപാടികൾ, നൈപുണ്യ പരിശീലന പരിപാടികൾ എന്നിവയെല്ലാം വൊക്കേഷണൽ ഗൈഡൻസ് പ്രോഗ്രാമിന്റെ ഭാഗമായി വരുന്നു. കൂടാതെ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കുന്നതിന് നിയുക്തി എന്ന പേരിൽ മെഗാ  ജോബ്ഫെയറുകൾ സംഘടിപ്പിച്ചു വരുന്നുണ്ട്.

മോഡൽ കരിയർ സെന്റർ

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിൽ നയത്തിന്റെ ഭാഗമായി, രാജ്യത്തുടനീളം കരിയര്‍ സേവനങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കി രാജ്യത്തിലെ വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പദ്ധതിയാണ് മോഡല്‍ കരിയർ സെന്റർ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സഹകരണത്തോടെയാണ് ഈ സെന്ററുകൾ ആവിഷ്കരിച്ചിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍പരമായ അഭിരുചി ശാസ്ത്രീയമായി കണ്ടെത്തുകയും അവര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു. വ്യക്തിഗത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ, ഗ്രൂപ്പ് കൗൺസെലിംഗ്, നൈപുണ്യപരിശീലനങ്ങള്‍ തുടങ്ങി വിവിധ സേവനങ്ങള്‍ സെന്ററിൽ നിന്നും ലഭിക്കുന്നതാണ്. ഇന്‍ഫര്‍മേഷൻ ടെക്നോളജി പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന മോഡൽ കരിയർ സെന്ററില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.ncs.gov.in എന്ന ജോബ് പോര്‍ട്ടലിൽ ഒറ്റ തവണ രജിസ്ട്രേഷന്‍ നടത്തി അവര്‍ക്ക് നേരിട്ട് മോഡൽ കരിയർ സെന്ററിലെ സേവനങ്ങള്‍ സൗജന്യമായി പ്രയോജനപ്പെടുത്താവുന്നതാണ്. സ്വകാര്യ മേഖലയിലെ ഒഴിവുകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നതിനായി സ്വകാര്യ ഉദ്യോഗദായകരുമായി ചേര്‍ന്ന് നിശ്ചിത ഇടവേളകളിൽ ജോബ് ഫെയര്‍/പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുകയും ചെയ്യുന്നു.

നാഷണൽ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പിൽ ചുവടെ ചേർക്കുന്ന സ്ഥലങ്ങളിൽ മോഡൽ കരിയർ സെന്ററുകൾ പ്രവർത്തിക്കുന്നു.

  • യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, തിരുവനന്തപുരം

  • യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ,കോട്ടയം

  • യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, കൊച്ചി

  • യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, കണ്ണൂർ 

  • ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ആറ്റിങ്ങൽ

  • ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കാട്ടാക്കട

  • ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മാവേലിക്കര

  • ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ആലുവ

  • ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മുവാറ്റുപുഴ

  • ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, വടക്കൻ പറവൂർ

  • ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കോതമംഗലം

  • ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ഇരിഞ്ഞാലക്കുട

  • ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തലപ്പള്ളി

എംപ്ലോയബിലിറ്റി സെന്റർ

കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ തൊഴിൽ നൈപുണ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടു കൂടി 2012-13 സാമ്പത്തിക വര്‍ഷം മുതൽ നാഷണൽ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് മുഖേന സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കി വരുന്ന പദ്ധതിയാണ് എംപ്ലോയബിലിറ്റി സെന്റര്‍. ടി സെന്ററുകളിൽ രജിസ്റ്റര്‍ ചെയ്യുന്ന അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ ഉദ്യോഗാര്‍ത്ഥികളുടെ അഭിരുചി, സ്കിൽ ഗ്യാപ് എന്നിവ വിവിധ അസ്സെസ്സ്മെന്റ് ടൂൾസ് ഉപയോഗിച്ച് വിലയിരുത്തി, സോഫ്റ്റ് സ്കില്ലുകൾക്കും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനും എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേന പരിശീലനം നൽകുന്നു. തൊഴിലധിഷ്ഠിത പരിശീലനം ആവശ്യമായവര്‍ക്കു അത്തരം പരിശീലനം നൽകുന്ന അംഗീകൃത പരിശീലന കേന്ദ്രങ്ങൾ മുഖേന പരിശീലനം നൽകുകയും ഇപ്രകാരം പരിശീലനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികൾക്ക് സ്വകാര്യമേഖലയിലെ തൊഴിലവസരം ലഭ്യമാക്കുന്നതിനായി തൊഴിൽദാതാക്കളുമായി നേരിട്ട് ബന്ധപ്പെട്ടും ജോബ് ഫെയറുകൾ സംഘടിപ്പിച്ചും ഉദ്യോഗാര്‍ത്ഥികൾക്ക് തൊഴിൽ നേടിയെടുക്കുവാൻ എംപ്ലോയബിലിറ്റി സെന്ററുകൾ അവസരം ഉണ്ടാക്കി കൊടുക്കുന്നുണ്ട്. സംസ്ഥാനത്തെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളോടൊപ്പമാണ് എംപ്ലോയബിലിറ്റി സെന്ററുകൾ പ്രവര്‍ത്തിച്ചുവരുന്നത്. നിലവിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിൽ എംപ്ലോയബിലിറ്റി സെന്ററുകൾ പ്രവര്‍ത്തിച്ചുവരുന്നു.

കരിയര്‍ ഡെവലപ്മെന്റ് സെന്റർ

ഗ്രാമീണ മേഖലയിലെ തൊഴിൽരഹിതരുടെ കരിയർ ഉന്നമനത്തിനായി 2016-17 സാമ്പത്തിക വര്‍ഷം മുതൽ നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പ് മുഖേന സര്‍ക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന നൂതന പദ്ധതിയാണ് കരിയർ ഡെവലപ്മെന്റ് സെന്റർ (സി.ഡി.സി). കരിയർ സംബന്ധമായ ഏതു പ്രശ്നത്തിനും പരിഹാരം നൽകുന്ന കേന്ദ്രമായിരിക്കും കരിയർ ഡവലപ്പ്മെന്റ് സെന്റർ. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റുകളുടെ എക്സ്റ്റൻഷൻ സെന്ററുകളായാണ് സി.ഡി.സികൾ പ്രവർത്തിക്കുന്നത്.

ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസമേഖലയിലേയും തൊഴിൽ മേഖലയിലേയും നൂതന പ്രവണതകളെക്കുറിച്ചും കാലാനുസൃമായി ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും അറിവും പരിശീലനവും നല്‍കി ഉന്നത വിദ്യാഭ്യാസവും അനുയോജ്യമായ തൊഴിലും നേടിയെടുക്കുവാന്‍ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, പാലോട്, കൊല്ലം ജില്ലയിലെ കൊട്ടാരക്കര, ആലപ്പുഴ ജില്ലയിലെ കായംകുളം, പാലക്കാട് ജില്ലയിലെ ചിറ്റൂർ, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ കരിയർ ഡവലപ്പ്മെന്റ് സെന്ററുകൾ പ്രവർത്തിച്ച് വരുന്നുണ്ട്.

ആധുനിക സാങ്കേതിക വിദ്യയും നവീനമായ കരിയർ ഡവലപ്മെന്റ് ആശയങ്ങളും സമന്വയിപ്പിച്ചുകൊണ്ട് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കരിയർ സംബന്ധമായ ഏത് പ്രശ്നത്തിനും ഔപചാരിക പരിഹാരം നല്‍കുന്ന ഒരു കേന്ദ്രമാണ് കരിയർ ഡവലപ്മെന്റ് സെന്റര്‍. വ്യക്തിഗത മാർഗ്ഗനിർദ്ദേശം, ഗ്രൂപ്പ് കൗണ്‍സെലിംഗ്, കരിയർ സെമിനാർ, മോട്ടിവേഷൻ ക്ലാസ്സുകൾ, കരിയർ ഗൈഡൻസ് ക്ലാസ്സുകൾ, മോക്ക് ഇന്റർവ്യൂ, മത്സരപരീക്ഷാ പരിശീലനങ്ങൾ തുടങ്ങി വിവിധ സേവനങ്ങൾ കരിയർ ഡവലപ്പ്മെന്റ് സെന്ററിൽ നിന്നും ലഭിക്കുന്നതാണ്.

ധനുസ്സ്

ഉന്നത ഗുണമേന്മയുള്ള കലാലയങ്ങളിലും ദേശീയതലത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളിലും ഉള്ള ബിരുദാനന്തര ബിരുദ കോഴ്സുകളിൽ കേരളത്തിലെ ബിരുദ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുന്നതിന് വേണ്ടിയുള്ള സമഗ്ര പരിശീലന പദ്ധതിയാണ് ധനുസ്സ്. സംസ്ഥാന സർക്കാരിന് കീഴിലുള്ള നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പ്, കോളേജിയേറ്റ് വകുപ്പിന്റെ സഹകരണത്തോടെ, പേരാമ്പ്ര കരിയർ ഡവലപ്പ്മെന്റ് സെന്റർ മുഖേനയാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. ദേശീയതലത്തിലുള്ള ഉന്നത വിദ്യാഭ്യാസഗവേഷണ കേന്ദ്രങ്ങളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനം ലഭിക്കാൻ മൂന്നു വർഷം നീണ്ടു നിൽക്കുന്ന സൗജന്യ പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ യൂണിവേഴ്സിറ്റികളിലെ ഉന്നത യോഗ്യതയുള്ള പ്രഗത്ഭരായ അദ്ധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ്, ഇക്കണോമിക്സ്, ബയോളജിക്കൽ സയൻസ് എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. വിദ്യാർത്ഥികളുടെ ബൗദ്ധിക തലം മുതൽ ആരോഗ്യ തലം വരെയുള്ള സമഗ്ര വികസനമാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

കരിയർ ജാലകം ലഘുലേഖ

സംസ്ഥാനത്തെ വിവിധ തലത്തിലുള്ള വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് വഴികാട്ടിയായി നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പിലെ സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് വിഭാഗം, KASE –ന്റെ സഹകരണത്തോടെ തയ്യാറാക്കിയ ലഘുലേഖയാണ് കരിയർ ജാലകം. SSLC, +2 SCIENCE, +2 COMMERCE, +2 HUMANITIES, BA/B.Com, B.Sc, PG എന്നിങ്ങനെ ഏഴ് സ്ട്രീമുകളിലായാണ് കരിയർ ജാലകം ലഘുലേഖകൾ തയ്യാറാക്കിയിട്ടുള്ളത്. പ്രസ്തുത ലഘുലേഖകൾ കേരളത്തിലെ പതിനാല് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾക്കും ഓരോ ജില്ലയിലെയും സ്ഥാപനങ്ങളുടെയും ആവശ്യകതയുടെയും അടിസ്ഥാനത്തിൽ വിതരണം ചെയ്തിട്ടുണ്ട്. അതാതു സ്ഥലത്തെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി കരിയർ ജാലകം ലഘുലേഖ വിതരണോദ്ഘാടനം എല്ലാ ജില്ലകളിലും നടത്തുകയുണ്ടായി. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ ജില്ലാ വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ സഹായത്തോടെ അതാതു ജില്ലകളിലെ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ, യൂണിവേഴ്സിറ്റി ബ്യൂറോകൾ, കരിയർ ഡവലപ്പ്മെന്റ് സെന്ററുകൾ എന്നിവ മുഖേന ഓരോ മാസവും സർക്കാർ സ്കൂളുകളിലും വിവിധ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രസ്തുത ലഘുലേഖകൾ വിതരണം ചെയ്തു വരുന്നു.

സമന്വയ

സംസ്ഥാന സർക്കാരിന്റെ തൊഴിൽ നയത്തിന്റെ ഭാഗമായി പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് “സമന്വയ”. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾ നേരിടുന്ന തൊഴിൽ/കരിയര്‍ പ്രശ്നങ്ങൾ പരിഹരിച്ച്, അവരെ തൊഴിലിനു പ്രാപ്തരാക്കുന്നതിനു വിവിധ വകുപ്പുകളുമായി സഹകരിച്ചു സമഗ്രമായ ഇടപെടൽ നടത്തുന്നതിനാണ് സമന്വയ പദ്ധതി മുഖേന ഉദ്ദേശിച്ചിട്ടുള്ളത്. ഈ പദ്ധതിയിലൂടെ ഉദ്യോഗാര്‍ത്ഥികൾക്ക് മത്സര പരീക്ഷകൾക്കുള്ള പരിശീലനം, നൈപുണ്യ വികസനം, അഭിമുഖങ്ങൾക്കും ഗ്രൂപ്പ് ഡിസ്ക്കഷനുകൾക്കുമുള്ള പ്രായോഗിക പരിശീലനം അതോടൊപ്പം വിവിധ മത്സര പരീക്ഷകൾക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ സഹായം, തൊഴിൽ സംരംഭകത്വ പരിശീലനം, കരിയര്‍ ഗൈഡൻസ് എന്നിവ നൽകി വരുന്നു. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാരുടെ പുരോഗതിക്കായി വിവിധ വകുപ്പുകളുമായി സഹകരിച്ചു ഔട്ട് റീച്ച് പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിൽ വരുത്തുന്നു. ഉദ്യോഗാർത്ഥികളുടെ സർവ്വതോന്മുഖമായ ക്ഷേമം ഉറപ്പു വരുത്തുന്നതിനാവശ്യമായ സമഗ്രമായ ഇടപെടൽ നടത്തുന്നതിനും പട്ടികജാതി പട്ടികവർഗ്ഗത്തിലെ അംഗങ്ങൾ അവരുടെ കരിയർ വികസനവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, അവരെ തൊഴിൽ യോഗ്യതയുള്ളവരാക്കുന്നതിനും ഊന്നൽ നൽകുന്നു. അപ്രകാരം പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാരുടെ സമഗ്ര തൊഴിൽ വികസനം ലക്ഷ്യമിട്ട് എംപ്ലോയ്‌മെന്റ് വകുപ്പ് വഴി 2020-21 സാമ്പത്തിക വർഷം മുതൽ ഈ പദ്ധതി നടപ്പിലാക്കി വരുന്നു.