എംപ്ലോയ്‌മെന്റ് മാർക്കറ്റ് ഇൻഫർമേഷൻ
ഇന്ത്യൻ പാർലമെന്റ് പാസാക്കിയ കമ്പൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസീസ് (സി.എൻ.വി) ആക്ട് 1959 ഉം തുടർന്നുള്ള 1960 ലെ നിയമങ്ങളും ഫലപ്രദമായി നടപ്പിലാക്കുകയും ആക്ടിന്റെ പരിധിയിൽ വരുന്ന ഒഴിവുകൾ സ്ഥാപനങ്ങളിൽ നിന്നും അറിയിക്കുന്നുണ്ടോ എന്നു പരിശോധിക്കുകയുമാണ് ഈ യൂണിറ്റ് ചെയ്യുന്നത്. എല്ലാ കേന്ദ്ര/സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവ ഈ ആക്ടിന്റെ പരിധിയിൽ വരുന്നു. ടി സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവരുടെ സ്ഥിതി വിവര കണക്കുകൾ ക്രോഡീകരിക്കുന്നതും ഇ.എം.ഐ യൂണിറ്റ് വഴിയാണ്.
തൊഴിൽരഹിതരുടെ സ്ഥിതി വിവര കണക്കുകൾ ക്രോഡീകരിക്കുന്നതോടൊപ്പം വിവിധ സംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവരുടെ സ്ഥിതി വിവരക്കണക്കുകളുടെ ശേഖരണവും നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് വകുപ്പിന്റെ സുപ്രധാന പ്രവർത്തന പരിധിയിൽ ഉൾപ്പെടുന്നു. സംസ്ഥാന തലത്തിലും ആഗോളതലത്തിലും സമാഹരിച്ച് വിവിധ ഗവേഷണ പ്രവർത്തനങ്ങൾക്കും പദ്ധതി നിർവഹണത്തിനും ഉപയോഗിച്ചു വരുന്നു.
തൊഴിൽ കമ്പോളത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനും, സർക്കാർ, സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്നവരുടെ സ്ഥിതി വിവരകണക്കുകൾ വിശകലനം ചെയ്യുന്നതിനും, തൊഴിൽ ദൗർലഭ്യം അനുഭവപ്പെടുന്ന മേഖലകൾ കണ്ടു പിടിക്കുവാനും, തൊഴിൽ മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പിലാക്കുവാനും, സ്വയം തൊഴിൽ മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും, സ്വയം തൊഴിൽ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും ഇത്തരത്തിൽ സ്ഥിതി വിവരക്കണക്കുകൾ ശേഖരിച്ച് തയ്യാറാക്കുന്നതു മൂലം സാധിക്കുന്നു.
കേരളത്തിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെയും തൊഴിലെടുക്കുന്നവരുടെ വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ സ്ഥാപനങ്ങളുടെ അധികാരികൾ അതതു ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ നിർബന്ധമായും നൽകേണ്ടതാണ് എന്ന് നിയമം അനുശാസിക്കുന്നുണ്ട്. ആയതിലേക്ക് ഇ.ആർ.I, ഇ.ആർ II എന്നീ റിട്ടേണുകൾ തയ്യാറാക്കി നൽകുവാനും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ബാദ്ധ്യതയുണ്ട്. തൊഴിലെടുക്കുന്നവരുടെ എണ്ണം, ഒഴിവുകളുടെ എണ്ണം, ദൗർലഭ്യമുള്ള തൊഴിലാളികളുടെ വിവരം എന്നിവ ഓരോ സ്ഥാപനവും, വർഷത്തിൽ 4 തവണ (മാർച്ച്, ജൂൺ, സെപ്തംബർ, ഡിസംബർ മാസ അവസാനത്തിൽ) ഇ.ആർ I എന്ന റിട്ടേണിൽ നൽകേണ്ടതാണ്. രണ്ടു വർഷത്തിലൊരിക്കൽ എല്ലാ സ്ഥാപനങ്ങളും തൊഴിലെടുക്കുന്നവരുടെ വിവരങ്ങൾ വിദ്യാഭ്യാസം, ലിംഗം ഉൾപ്പെടെ സെപ്റ്റംബർ മാസാവസാനത്തോടുകൂടി അതതു ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾക്ക് സമർപ്പിക്കേണ്ടതാണ്.
ഇ.ആർI, ഇ.ആർ II എന്നീ റിട്ടേണുകളിലെ സ്ഥിതിവിവര കണക്കുകൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിശദമായി പരിശോധിക്കുകയും, ക്രോഡീകരിക്കുകയും, വിലയിരുത്തുകയും, റിപ്പോർട്ടുകളായി പ്ലാനിംഗ് ബോർഡിനും, മറ്റു ഗവേഷണ സ്ഥാപനങ്ങൾക്കും നൽകി വരികയും ചെയ്യുന്നു. സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന സ്ഥിതി വിവര കണക്കുകൾ ദേശീയ തലത്തിൽ തയ്യാറാക്കുന്നത് ഡയറക്ടറേറ്റ് ജനറൽ ഓഫ് എംപ്ലോയ്‌മെന്റ് ആണ്.