തൊഴിൽ രഹിത വേതന പദ്ധതി
സംസ്ഥാനത്തെ ഏതെങ്കിലും ഒരു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് പതിനെട്ട് വയസ്സിനു ശേഷം 3 വര്‍ഷം തുടര്‍ച്ചയായി തൊഴിലൊന്നും ലഭിക്കാതെ രജിസ്ട്രേഷന്‍ നിലനിര്‍ത്തുന്നവര്‍ക്കും, വാര്‍ഷിക കുടുംബവരുമാനം 12,000/- രൂപയില്‍ കവിയാത്തവര്‍ക്കും, പ്രതിമാസ വ്യക്തിഗത വരുമാനം 100/- രൂപയില്‍ കവിയാത്തവര്‍ക്കും ഈ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകര്‍ എസ്.എസ്.എൽ.സി പാസ്സായവരും 18 വയസ്സിനു ശേഷം 3 വര്‍ഷത്തെ രജിസ്ട്രേഷൻ സീനിയോരിറ്റി ഉള്ളവരും ആയിരിക്കണം. (പട്ടികജാതി /പട്ടികവര്‍ഗ്ഗ/ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയിരുന്നാലും മതി) ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 18 വയസ്സിനു ശേഷം രണ്ടു വര്‍ഷത്തെ രജിസ്ട്രേഷന്‍ സീനിയോരിറ്റി മതിയാകും. 6 മാസം വരെ ദൈര്‍ഘ്യമുള്ള ഹ്രസ്വകാല കോഴ്സുകളിൽ പഠിക്കുന്നവരെ വിദ്യാര്‍ത്ഥിയെന്ന നിര്‍വചനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴില്‍രഹിത വേതനത്തിന്റെ ഇപ്പോഴത്തെ പ്രതിമാസ നിരക്ക് 120/- രൂപയാണ്. യോഗ്യതയുള്ള ഏതൊരാള്‍ക്കും ഏതു സമയത്തും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. തൊഴിൽ രഹിതർക്ക് പ്രതിമാസം 120 രൂപ നിരക്കിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ തൊഴിൽരഹിത വേതനം നൽകി വരുന്നു. ഇതിലേക്കുള്ള അപേക്ഷകൾ ഉദ്യോഗാർത്ഥികൾ താമസിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികളുടെ രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ മാത്രമാണ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ പരിശോധിക്കുക.
അർഹത
-
അപേക്ഷകർ എസ്.എസ്.എൽ.സി പാസ്സായിരിക്കണം. എസ്.സി/ എസ്.റ്റി/ഭിന്നശേഷി എന്നീ വിഭാഗക്കാർക്ക് എസ്.എസ്.എൽ.സി പരീക്ഷ പാസ്സാകണമെന്നില്ല.
-
വാർഷിക വരുമാനം 12,000 രൂപയും വ്യക്തിഗത പ്രതിമാസ വരുമാനം 100 രൂപയും ആയിരിക്കണം.
-
വിദ്യാർത്ഥിയായിരിക്കരുത്.
-
എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ നടത്തി 3 വർഷം സീനിയോറിറ്റിയും, പ്രായപരിധി 21-35 നു മദ്ധ്യേ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് വേതനം വിതരണം ചെയ്യുന്നത്.
വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതികൾ
1. കെസ്‌റു
2. വിവിധോദ്ദേശ കേന്ദ്രങ്ങളും തൊഴില്‍ ക്ലബുകളും (മൾട്ടി പര്‍പ്പസ് സര്‍വ്വീസ്
സെന്റേഴ്സ്/ജോബ് ക്ലബ്ബ്)
3. ശരണ്യ
4. കൈവല്യ
5. നവജീവൻ
1. കേരള സ്റ്റേറ്റ് സെൽഫ് എംപ്ലോയ്മെന്റ് സ്കീം ഫോര്‍ ദി രജിസ്റ്റേര്‍ഡ് അണ്‍ എംപ്ലോയ്ഡ് – 1999 (KESRU-99)
കേരള സ്റ്റേറ്റ് സെൽഫ് എംപ്ലോയ്മെന്റ് സ്കീം ഫോര്‍ ദി രജിസ്റ്റേര്‍ഡ് അണ്‍ എംപ്ലോയ്ഡ്-1999 (KESRU-99) പദ്ധതി 30.03.1999-ലെ 40/99/തൊഴില്‍ നമ്പർ സര്‍ക്കാർ ഉത്തരവ് പ്രകാരം നിലവിൽ വന്നു. കേരളത്തിലെ ഏതെങ്കിലും ഒരു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുള്ളതും വാര്‍ഷിക കുടുംബ വരുമാനം 1,00,000/- രൂപയില്‍ താഴെയുള്ളതും 21-നും 50-നും ഇടയ്ക്ക് പ്രായമുള്ളതുമായ ഏതൊരു വ്യക്തിക്കും ഈ പദ്ധതിയിന്‍കീഴിൽ അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷകര്‍ വിദ്യാര്‍ത്ഥി ആയിരിക്കുവാന്‍ പാടില്ല. 25 വയസ്സ് കഴിഞ്ഞവര്‍ക്കും പ്രൊഫഷണൽ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്കും (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, നാഷണല്‍ അപ്രന്റീസ് സര്‍ട്ടിഫിക്കറ്റ്) ബിരുദധാരികളായ വനിതകള്‍ക്കും, ITI/ITC കളില്‍ നിന്നും വിവിധ ട്രേഡുകളിൽ പരിശീലന സര്‍ട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയിട്ടുള്ളവര്‍ക്കും, തൊഴില്‍രഹിതവേതനം കൈപ്പറ്റിക്കൊണ്ടിരിക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്.
ഈ പദ്ധതിയിന്‍കീഴിൽ സമര്‍പ്പിക്കുന്ന പ്രോജക്ടുകള്‍ക്ക് ധനകാര്യ സ്ഥാപനങ്ങൾ വായ്പ അനുവദിക്കുന്ന തുകയുടെ 20% തുക (പരമാവധി 20,000/- രൂപ വരെ) സബ്സിഡി നല്‍കുന്നു. പരമാവധി വായ്പ തുക 1,00,000/- (ഒരു ലക്ഷം) രൂപയാണ്. സബ്സിഡി തുക വകുപ്പ് മുഖേന ഗുണഭോക്താവിന്റെ ലോണ്‍ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത് നല്‍കുന്നു. ഈ പദ്ധതി പ്രകാരം സ്വയംതൊഴില്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും ലഭിക്കുന്നതാണ്. ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുകൾ, കേരള ബാങ്ക്, KSFE, മറ്റു പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും കെസ്റു പദ്ധതി പ്രകാരം വായ്പ ലഭിക്കുന്നതാണ്.
2. വിവിധോദ്ദേശ കേന്ദ്രങ്ങളും തൊഴില്‍ ക്ലബുകളും (മൾട്ടിപർപ്പസ് സർവ്വീസ് സെന്റേഴ്സ്/ജോബ് ക്ലബ്ബ്: )
29.10.2017-ലെ ജി.ഒ (പി) 143/07/തൊഴിൽ നമ്പർ സർക്കാർ ഉത്തരവിലൂടെയാണ് മൾട്ടിപർപ്പസ് സർവ്വീസ് സെന്റേഴ്സ്/ജോബ് ക്ലബ്ബ് പദ്ധതി എന്ന സ്വയംതൊഴിൽ പദ്ധതി നിലവിൽ വന്നത്. കേരളത്തിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതർക്ക് വേണ്ടി വകുപ്പ് നടത്തുന്ന വിവിധോദ്ദേശ്യ സേവന കേന്ദ്രങ്ങളും, അവയുടെ കീഴിൽ പ്രവർത്തിക്കുന്ന തൊഴിൽരഹിതർ നടത്തുന്ന ജോബ് ക്ലബ്ബുകളുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്‌ട്രേഷൻ നിലവിലുള്ളതായിരിക്കണം അപേക്ഷകർ. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും പ്രവർത്തി കാര്യക്ഷമതാ പരിശീലനം സിദ്ധിച്ചവർക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാവുന്നതാണ്. എന്നാൽ ആകെ ഗുണഭോക്താക്കളിൽ ഇത്തരക്കാർ 10 ശതമാനത്തിൽ കൂടാൻ പാടുള്ളതല്ല. വാർഷിക കുടുംബ വരുമാനം 1,00,000/- രൂപയിൽ കവിയാൻ പാടില്ല. (കുടുംബ വരുമാനം എന്നുദ്ദേശിക്കുന്നത് ഗുണഭോക്താവിന്റെ പേര് ഉൾപ്പെട്ട റേഷൻ കാർഡിൽ പേരുള്ള അംഗങ്ങളുടെ ആകെ വരുമാനമാണ്). 21-നും 45-നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. മറ്റു പിന്നാക്ക ജാതിക്കാർക്ക് 3 വർഷവും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഒരു ജോബ് ക്ലബ്ബിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും അംഗങ്ങളാകാവുന്നതാണ്. എന്നാൽ ഹോംനഴ്സ്, ഹോംമെയ്ഡ് എന്നീ ക്ലബ്ബുകൾക്ക് വനിതകൾക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളു. പ്രൊഫഷണൽ/സാങ്കേതിക യോഗ്യതയുള്ളവർക്കും തൊഴിൽരഹിത വേതനം കൈപ്പറ്റിക്കൊണ്ടിരിക്കുന്നവർക്കും മുൻഗണന ഉണ്ടായിരിക്കും. കൂടാതെ സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് പരമ്പരാഗത തൊഴിലാളികൾക്ക് നൽകുന്ന “പ്രവൃത്തി കാര്യക്ഷമതാ സർട്ടിഫിക്കറ്റ്” കരസ്ഥമാക്കിയിട്ടുള്ളവർക്കും, സംസ്ഥാന ഐ.റ്റി.ഐ, ഐ.റ്റി.സി, പോളിടെക്‌നിക് എന്നിവയിൽ നിന്ന് വിവിധ ട്രേഡുകളിൽ പരിശീലനം നേടിയവർക്കും, ജനശിക്ഷൺ സൻസ്ഥാൻ, റൂഡ് സെറ്റ് എന്നിവിടങ്ങളിൽ നിന്ന് തൊഴിൽ പരിശീലനം നേടിയവർക്കും ബിരുദധാരികളായ വനിതകൾക്കും മുൻഗണന നൽകുന്നതാണ്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും അപേക്ഷഫോറം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നിന്ന് ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ പരിശോധനയ്ക്കു ശേഷം ജില്ലാ കമ്മിറ്റിക്ക് സമർപ്പിക്കുന്നു. ജില്ലാ കമ്മിറ്റി പരിശോധിച്ച് അപേക്ഷകർ അനുയോജ്യരാണോ, പ്രോജക്ട് നടപ്പിലാക്കാൻ കഴിയുന്നതാണോ എന്നീ കാര്യങ്ങൾ പരിശോധിച്ച്, അംഗീകരിച്ച അപേക്ഷകൾ ധനകാര്യ സ്ഥാപനങ്ങളിലേക്ക് ശുപാർശ ചെയ്യുന്നു. ഒരു ക്ലബ്ബിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നു. ഓരോ ക്ലബ്ബിനും പദ്ധതി ചെലവിന്റെ 25% സബ്‌സിഡി (പരമാവധി 2 ലക്ഷം രൂപ) നൽകുന്നു. പ്രോജക്ട് നടത്തിപ്പിൽ ഗുണഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി വായ്പാതുകയുടെ 10% ഓരോ അംഗവും തങ്ങളുടെ വിഹിതമായി ആദ്യംതന്നെ നിക്ഷേപിക്കേണ്ടതാണ്. സബ്സിഡി തുക വകുപ്പ് മുഖേന ഗുണഭോക്താവിന്റെ ലോൺ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തു നൽകുന്നു. ഈ പദ്ധതി പ്രകാരം സ്വയംതൊഴിൽ ചെയ്യുന്നതിന് ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും അതാത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നും വാങ്ങാവുന്നതാണ്.
3. ശരണ്യ സ്വയംതൊഴിൽ പദ്ധതി:-
കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ വിധവകൾ, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവർ, നിയമാനുസൃതം വിവാഹബന്ധം വേർപെടുത്തിയവർ, അവിവാഹിതകൾ, പട്ടികവർഗ്ഗത്തിലെ അവിവാഹിതരായ അമ്മമാർ, അംഗപരിമിതരായ വനിതകൾ, നിത്യ രോഗികളും ശയ്യാവലംബരുമായ ഭർത്താക്കന്മാരുള്ള വനിതകൾ എന്നീ വിഭാഗം വനിതകൾക്കായുള്ള സ്വയംതൊഴിൽ പദ്ധതിയാണിത്. ഒരു വ്യക്തിക്ക് പരമാവധി 50,000/- രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്. വായ്പാതുകയുടെ 50% പരമാവധി 25,000/- രൂപ വരെ സബ്സിഡിയായി അനുവദിക്കുന്നതുമാണ്. പ്രോജക്ട് പരിശോധിച്ചു ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു. 50,000/- രൂപയ്ക്കു മുകളിലുള്ള തുകയ്ക്ക് 3% ഫ്ലാറ്റ് റേറ്റിൽ പലിശ ഈടാക്കുന്നതാണ്. സംരംഭം നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകുകയും ആദ്യ വായ്പയുടെ 50% എങ്കിലും തിരിച്ചടച്ചവർക്കും സംരംഭം വിപുലീകരിക്കുന്നതിനു ആദ്യ വായ്പയുടെ 80% കവിയാത്ത തുക തുടർ വായ്പയായി (ഒരിക്കൽ മാത്രം) കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കുന്നതാണ്. കേരളത്തിലെ ഏതെങ്കിലും ഒരു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്‌ട്രേഷൻ നിലവിലുള്ളതും, വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തതും 18-നും 55-നും മദ്ധ്യേ പ്രായമുള്ളതുമായ (അവിവാഹിതകൾക്ക് 30 വയസ്സ് പൂർത്തിയാകണം) മേൽപ്പറഞ്ഞ വിഭാഗത്തിലുള്ള വനിതകൾക്ക് ഈ പദ്ധതിയിൻപ്രകാരം സ്വയംതൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പ്രൊഫഷണൽ/സാങ്കേതിക യോഗ്യതയുള്ളവർക്കും, ഐ.റ്റി.ഐ, ഐ.റ്റി.സി സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയവർക്കും, ബിരുദധാരികളായ വനിതകൾക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് മുൻഗണന നൽകുന്നതാണ്. ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവർക്ക് തുടർന്ന് തൊഴിൽരഹിത വേതനം ലഭിക്കുന്നതല്ല. പദ്ധതിയുടെ പൂർണ്ണമായ നടത്തിപ്പ് എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിൽ നിക്ഷിപ്തമാണ്. പദ്ധതി പ്രകാരം സ്വയംതൊഴിൽ ചെയ്യുന്നതിന് വായ്പ ലഭിക്കുന്നതിനുള്ള അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ സമർപ്പിക്കേണ്ടതാണ്. ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നിന്ന് പ്രാഥമിക പരിശോധനയ്ക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ പദ്ധതിക്കായി ജില്ലാ കളക്ടർ ചെയർമാനായി രൂപം നൽകിയിട്ടുള്ള ജില്ലാ കമ്മിറ്റി മുൻപാകെ വയ്ക്കുകയും ജില്ലാ കമ്മിറ്റി ഉദ്യോഗാർത്ഥിയെ കൂടിക്കാഴ്ചയ്ക്കു വിളിച്ച് അപേക്ഷയിന്മേൽ തീർപ്പു കൽപ്പിക്കുകയും ചെയ്യുന്നു. ജില്ലാ കമ്മിറ്റി അപേക്ഷ പാസ്സാക്കിയവർക്ക് സ്വയംതൊഴിൽ ചെയ്യുന്നതിനാവശ്യമായ സംരംഭകത്വ വികസന പരിശീലനം RSETI-കൾ വഴി നൽകിയതിന് ശേഷം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ മുഖേന വായ്പ അനുവദിക്കുന്നു. വായ്പാതിരിച്ചടവ് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലോ ബന്ധപ്പെട്ട ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലോ നടത്താവുന്നതാണ്. ഈ പദ്ധതി പ്രകാരം സ്വയംതൊഴിൽ ചെയ്യുന്നതിന് ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും അതാതു എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നിന്നും വാങ്ങാവുന്നതാണ്.